പുതിയ വൈറസ് വകഭേദങ്ങള്‍ വ്യാപിക്കുന്നു; ലോക്ക്ഡൗണ്‍ നീണ്ടേക്കും

പുതിയ വൈറസ് വകഭേദങ്ങള്‍ വ്യാപിക്കുന്നു; ലോക്ക്ഡൗണ്‍ നീണ്ടേക്കും

May 20, 2021 0 By Editor

സംസ്ഥാനം ലോക്ക്ഡൗണിന്റെ രണ്ടാം ആഴ്ചയിലേക്ക് കടക്കവേ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. എന്നാല്‍ പുതിയ വൈറസ് വകഭേദങ്ങള്‍ വ്യാപിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണും ,മറ്റ് ജില്ലകളില്‍ ലോക്ക് ഡൗണും ഏര്‍പ്പെടുത്തിയുള്ള കൊവിഡ് നിയന്ത്രണത്തിന് ഫലം കണ്ടുതുടങ്ങിയെന്ന് അഭിപ്രായപ്പെട്ട മുഖ്യമന്ത്രി എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനായിട്ടില്ലെന്നും വ്യക്തമാക്കി. ഇതോടെ ലോക്ക്ഡൗണ്‍ ഇനിയും നീളുമെന്ന് ഉറപ്പായിട്ടുണ്ട്.

കൊവിഡിനൊപ്പം ബ്ളാക്ക് ഫംഗസും ഭീഷണി ഉയര്‍ത്തുന്നുണ്ട്. പുതിയ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥിരീകരിച്ചിരുന്നു, ഇതില്‍ മൂന്ന് എണ്ണം വളരെ കൂടുതലായി സംസ്ഥാനത്ത് വ്യാപിച്ചിട്ടുണ്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കിയ നാല് ജില്ലകളില്‍ ടിപിആര്‍ റേറ്റ് കുറഞ്ഞുവരുന്നുണ്ട്. മൊത്തം രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും പുതുതായി രോഗം ബാധിച്ചവരുടെ എണ്ണത്തില്‍ കാര്യമായി കുറവുണ്ടെങ്കിലേ ലോക്ക്ഡൗണില്‍ ഇളവ് ആലോചിക്കാനാവൂ.

ഏപ്രില്‍ 14 മുതല്‍ 20 വരെയുള്ള ആഴ്ചയില്‍ ആകെ റിപോര്‍ട്ട് ചെയ്യപ്പെട്ടത് 92,248 കേസുകളായിരുന്നു. ആ ആഴ്ചയിലെ ടിപിആര്‍ 15.5 ശതമാനം. 28 മുതല്‍ മേയ് നാലു വരെയുള്ള ആഴ്ചയിലെ കേസുകളുടെ എണ്ണം 2,41,615. ടിപിആര്‍ 25.79. ഇക്കഴിഞ്ഞ ആഴ്ച സ്ഥിരീകരിച്ച കേസുകള്‍ 2,33,301. ആഴ്ചയിലെ ടിപിആര്‍ 26.44 ശതമാനം. കഴിഞ്ഞയാഴ്ചയുമായി താരതമ്യം ചെയ്യുമ്ബോള്‍ ആകെ റിപോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 12.1 ശതമാനം കുറഞ്ഞു. സംസ്ഥാന ശരാശരി കഴിഞ്ഞ മൂന്നു ദിവസമായി 24.5 ശതമാനമാണ്. ഇന്ന് ശരാശരി 23.29 ആയിട്ടുണ്ട്.

അതേസമയം കൊവിഡ് ബാധിച്ച്‌ മരണപ്പെടുന്നവരുടെ നിരക്ക് ആദ്യമായി ഇന്നലെ നൂറ് കടന്നിരുന്നു. 112 മരണങ്ങളാണ് കൊവിഡ് മൂലമെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇത്. സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 6724 ആയി.