ബ്ലാക്ക് ഫംഗസ്: മഹാരാഷ്ട്രയിൽ 90 മരണം; 1,500 പേർക്ക് രോഗം

ബ്ലാക്ക് ഫംഗസ്: മഹാരാഷ്ട്രയിൽ 90 മരണം; 1,500 പേർക്ക് രോഗം

May 21, 2021 0 By Editor

മുംബൈ: മഹാരാഷ്ട്രയിൽ ഇതുവരെ ബ്ലാക്ക് ഫംഗസ് മൂലം മരിച്ചത് 90 പേർ. മാരകമായ ഫംഗൽ അണുബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആംഫോട്ടെറിസിൻ-ബി കുത്തിവയ്പുകൾക്ക് ക്ഷാമമുണ്ടെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ കഴിഞ്ഞ ദിവസം സമ്മതിച്ചു. ഇക്കാര്യത്തിൽ കേന്ദ്രസഹായം തേടിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ബ്ലാക്ക് ഫംഗസ് ബാധിച്ച 1,500 കോവിഡ് രോഗികളെങ്കിലും മഹാരാഷ്ട്രയിലുണ്ട്. ഇവരിൽ 850 പേർ ആശുപത്രികളിൽ ചികിത്സയിലാണ്. ഓരോ രോഗിക്കും ചികിത്സാ കാലയളവിൽ നൂറോളം ആംഫോട്ടെറിസിൻ–ബി കുത്തിവയ്പുകൾ വേണം. നിലവിലുള്ള സ്റ്റോക്ക് മതിയാകില്ലെന്നതിനാൽ കൂടുതൽ ആംഫോട്ടെറിസിൻ-ബി അനുവദിക്കണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തെ ഏറെക്കുറെ പിടിച്ചുകെട്ടാനായ ഘട്ടത്തിലാണ് ബ്ലാക്ക് ഫംഗസ് ഭീതി പരത്തുന്നത്. തമിഴ് നാട്ടിലും 9 പേർക്ക് ബ്ലാക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. പ്രത്യേകം ശ്രദ്ധവേണ്ട രോഗമായി ബ്ലാക് ഫംഗസിനെ പ്രഖ്യാപിച്ചതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് അറിയിച്ചു.