സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കില്ല; തീയതി അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും

സിബിഎസ്ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കില്ല; തീയതി അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും

May 23, 2021 0 By Editor

ന്യൂഡല്‍ഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച തീരുമാനമെടുക്കുന്നത് പ്രധാനമന്ത്രിക്ക് വിട്ട് ഉന്നതതല യോഗം. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് സെപ്റ്റംബറില്‍ പരീക്ഷ നടത്തണമെന്ന് ഉന്നതതല യോഗത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത്. പരീക്ഷ നടത്തിപ്പിനുള്ള തീയതി അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.

പ്രധാന വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുക എന്ന നിര്‍ദേശം യോഗത്തില്‍ ഉയര്‍ന്നുവന്നു. ആകെയുള്ള 174 വിഷയങ്ങളില്‍ എഴുപതോളം വിഷയങ്ങളില്‍ മാത്രം പരീക്ഷ നടത്തുകയും ഈ വിഷയങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മറ്റു വിഷയങ്ങള്‍ക്ക് മാര്‍ക്ക് നല്‍കാനുമായിരുന്നു നിർദേശം. പരീക്ഷയുടെ സമയദൈര്‍ഘ്യത്തില്‍ ഒന്നര മണിക്കൂറായി കുറവുവരുത്തുകയും പ്രധാനപ്പെട്ട 19 വിഷയങ്ങളില്‍ പരീക്ഷ നടത്തുകയും ചെയ്യുക എന്നതായിരുന്നു മറ്റൊരു നിര്‍ദേശം. ഒരു ഭാഷാവിഷയവും മറ്റു മൂന്ന് എലക്ടീവ് വിഷയങ്ങളിലും പരീക്ഷ നടത്തുക എന്നതാണ് ഇത്. വിദ്യാര്‍ഥിയുടെ താമസസ്ഥലത്തിന് അടുത്തുതന്നെ പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുക എന്ന നിര്‍ദേശവും ചര്‍ച്ചയ്ക്കുവന്നു.

അതേസമയം, ഡല്‍ഹിയും മഹാരാഷ്ട്രയും പരീക്ഷാ നടത്തിപ്പിനെ ശക്തമായി എതിര്‍ത്തു. പരീക്ഷ റദ്ദാക്കണമെന്ന് ഇരു സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. വിദ്യാര്‍ഥികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതുവരെ പരീക്ഷ നടത്തരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി മനീഷ് സിസോദിയ ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാനങ്ങളുടെയും തീരുമാനം അറിഞ്ഞ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. പരീക്ഷ റദ്ദാക്കാനിടയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരില്‍നിന്ന് ലഭിക്കുന്ന സൂചന. ജൂണ്‍ ആദ്യവാരം തന്നെ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടാനാണ് സാധ്യത.