വിൽപ്പനക്ക്  അനുമതിയായെങ്കിലും ഷാപ്പുകളിൽ പാർസലിന് കള്ളെത്തുമെന്ന് ഉറപ്പില്ല !

വിൽപ്പനക്ക് അനുമതിയായെങ്കിലും ഷാപ്പുകളിൽ പാർസലിന് കള്ളെത്തുമെന്ന് ഉറപ്പില്ല !

May 31, 2021 0 By Editor

പാലക്കാട് : ലോക്ഡൗൺ ഇളവിനെത്തുടർന്ന് കള്ളുഷാപ്പുകളിൽ പാർസൽ വില്പനയ്ക്ക് അനുമതിയായെങ്കിലും, മതിയായ കള്ള് ലഭിക്കുമോയെന്നറിയാതെ ഷാപ്പുടമകൾ.സംസ്ഥാനത്തെ പ്രധാന കള്ളുചെത്തുമേഖലയായ ചിറ്റൂരിൽ കള്ളുത്പാദനം കുറഞ്ഞതാണ് കാരണം. ലോക്ഡൗണിനെത്തുടർന്ന് നാട്ടിലേക്കുമടങ്ങിയ ചെത്തുതൊഴിലാളികൾ തിരിച്ചെത്താത്തതും ചിലരെല്ലാം ചെത്ത് നിർത്തിവെച്ചതും കള്ളുത്പാദനത്തെ ബാധിച്ചിട്ടുണ്ട്.

ചിറ്റൂരിൽനിന്നാണ് സംസ്ഥാനത്തെ ഇതരജില്ലകളിലേക്ക്‌ കള്ള് കയറ്റിക്കൊണ്ടുപോകുന്നത്. 700 പെർമിറ്റുകൾ പ്രകാരം പ്രതിദിനം 2.05 ലക്ഷം ലിറ്റർ കള്ള് കൊണ്ടുപോകുന്നുണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ കണക്ക്. ഇന്ത്യൻനിർമിത വിദേശമദ്യശാലകൾക്ക് തുറക്കാൻ അനുമതിയാവാത്തതിനാൽ, കള്ളുഷാപ്പുകളിൽ പാർസൽ രീതിയിലാണെങ്കിലും വില്പന കൂടാൻ സാധ്യതയുണ്ടെന്ന് ഷാപ്പുടമകൾ പറയുന്നു.അങ്ങനെവന്നാൽ മദ്യശാലകൾ തുറക്കുംവരെ പെർമിറ്റ് അളവിലെങ്കിലും കള്ള് വേണ്ടിവരുമെന്നും ഇവർ പറയുന്നു.തുടർച്ചയായി ലോക്ഡൗൺ നീട്ടിയതുമൂലം ചിലർ തെങ്ങുചെത്ത് നിർത്തിയതും തിരിച്ചടിയായി.