ഇന്ധനവിലയെച്ചൊല്ലി സഭയില്‍ തര്‍ക്കം; അധികനികുതി ഒഴിവാക്കണമെന്ന് പ്രതിപക്ഷം; ഒഴിവാക്കില്ലെന്ന് സർക്കാർ

June 9, 2021 0 By Editor

തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവില്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിനുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസിന് അനുമതി നിഷേധിച്ച്‌ സ്പീക്കര്‍. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എയാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്. പെട്രോള്‍ ഡിസല്‍ വിലവര്‍ധനവ് മൂലം ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

പെട്രോള്‍ വിലയല്ല നികുതിയാണ് കൂടുന്നതെന്നും ജനങ്ങളെ പിഴിഞ്ഞ് കിട്ടുന്നത് പോന്നോട്ടെ എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയമെന്നും എന്‍ ഷംസുദ്ദീന്‍ കുറ്റപ്പെടുത്തി.പാവങ്ങളുടെ സര്‍ക്കാര്‍ എന്ന് പറയുമ്ബോള്‍ എന്ത് കൊണ്ട് സഹായിക്കുന്നില്ല? കൊവിഡ് കാലത്ത് എങ്കിലും അധിക നികുതി ഒഴിവാക്കണമെന്നും ഷംസുദ്ദീന്‍ സഭയില്‍ പറഞ്ഞു.

അതേസമയം, ഇന്ധനവിലവര്‍ധനയ്ക്ക് ഉത്തരവാദി കേന്ദ്രസര്‍ക്കാരാണെന്നും സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു. ഇന്ധന വില വര്‍ധന സ്ഥിതി ഗുരുതരമാണ്. പക്ഷേ വില വര്‍ധനവില്‍ ഉത്തരവാദിത്തം സംസ്ഥാനത്തിന് അല്ല. മറ്റു സംസ്ഥാനങ്ങളിലെ അത്ര നികുതി കേരളത്തില്‍ ഇല്ല. സംസ്ഥാനത്തെ വിമര്‍ശിക്കുന്ന പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെ നോട്ടിസില്‍ ഒന്നും പറയുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.