ബൈക്കിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കം അച്ഛനും മകനും ചേര്‍ന്ന് യുവാവിനെ നടുറോഡില്‍ കുത്തിക്കൊന്നു; യുവാവിന്റെ ജീവനെടുത്തത് ഇറച്ചിവെട്ടുന്ന ലാഘവത്തില്‍
കൊല്ലം: ബൈക്കിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി നടന്ന വഴക്കിനെത്തുടര്‍ന്ന് അച്ഛനും മകനും ചേര്‍ന്ന് യുവാവിനെ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. കാവനാട് ഓഞ്ചേഴുത്ത് കാവിന് സമീപം ഓഞ്ചേരില്‍ വടക്കതില്‍ വീട്ടില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ വിഷ്ണുവാണ് (29) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കാവില്‍ വാടകയ്ക്ക് താമസിക്കുന്ന കാവനാട് മാര്‍ക്കറ്റിലെ ഇറച്ചിവെട്ട് തൊഴിലാളിയും മധുര സ്വദേശിയുമായ പ്രകാശ്, മകന്‍ രാജപാണ്ഡ്യന്‍ എന്നിവരെ ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു.
പള്ളിക്കാവ് ക്ഷേത്രത്തിന് സമീപം ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം.പൊലീസ് പറയുന്നത്: രാവിലെ പള്ളിക്കാവ് കുരുമ്ബോലില്‍ വച്ച് ബൈക്കിന് സൈഡ് നല്‍കിയില്ലന്നാരോപിച്ച് പ്രകാശ് വിഷ്ണുവിനോട് വഴക്കുണ്ടാക്കിയിരുന്നു. തര്‍ക്കത്തിനിടെ സമീപത്തെ കടയില്‍ നിന്നെടുത്ത സോഡാക്കുപ്പി പൊട്ടിച്ച് പ്രകാശ് വിഷ്ണുവിനെ കുത്താന്‍ ശ്രമിച്ചു. നാട്ടുകാര്‍ തടഞ്ഞ ശേഷം രണ്ടുപേരെയും പറഞ്ഞയച്ചു. വീട്ടിലെത്തിയ പ്രകാശ് മകന്‍ രാജപാണ്ഡ്യനോട് കാര്യം പറയുകയും ഇരുവരും വിഷ്ണുവിനെ തിരക്കി ഇറങ്ങുകയുമായിരുന്നു. പിന്നീട് പള്ളിക്കാവില്‍ വച്ച് സിനിമാ സ്റ്റൈലില്‍ വിഷ്ണുവും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കിന് കുറുക്ക് വച്ചു. പിന്നീട് അധിക നേരമെടുക്കാതെ പ്രകാശ് ബൈക്കില്‍ നിന്ന് ചാടിയിറങ്ങി വിഷ്ണുവിനെ കുത്തിവീഴ്ത്തുകയായിരുന്നു.
പ്രകാശ് ഇറച്ചിവെട്ടുന്ന ലാഘവത്തോടെയാണ് ഇന്നലെ ഉച്ചയ്ക്ക് പൊതുനിരത്തില്‍ വച്ച് ഓട്ടോ ഡ്രൈവറായ വിഷ്ണുവിനെ കുത്തിക്കൊലപ്പെടുത്തിയത്. പ്രകാശ് ഇറച്ചിവെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഒറ്റ കുത്തിന് തന്നെ വിഷ്ണുവിന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. കൊലപ്പെടുത്തണമെന്ന് ഉറപ്പിച്ചാണ് അച്ഛനും മകനും വീട്ടില്‍ നിന്ന് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. കൊലപാതക ശേഷം കുരീപ്പുഴ കടവിലെത്തിയ ഇരുവരും തമിഴ്നാട്ടിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി വാഹനം സംഘടിപ്പിക്കാന്‍ പലരെയും ബന്ധപ്പെട്ടു. തമിഴ്നാട്ടില്‍ ഒളിച്ചുതാമസിക്കാനുള്ള സ്ഥലത്തിനായും പരിചയക്കാരെ ബന്ധപ്പെട്ടു. ഇതിനിടയിലാണ് പൊലീസ് വലയിലായത്. മധുര സ്വദേശിയായ പ്രകാശ് അവിടെ അക്രമസംഭവങ്ങളില്‍ പ്രതിയാണെന്ന സംശയം പൊലീസിനുണ്ട്. അതുകൊണ്ട് തന്നെ പ്രകാശിന്റെ പശ്ചാത്തലം അന്വേഷിക്കാന്‍ ശക്തികുളങ്ങര പൊലീസ് മധുര പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിഷ്ണുവിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഭാര്യ: അശ്വതി. മകന്‍: ആദിത്യന്‍.