രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളോടെ ബീവറേജ് ഔട്ട്‌ലെറ്റുകൾ തുറക്കാൻ സാധ്യത
തിരുവനന്തപുരം: ബവ്റിജസ് ഷോപ്പുകൾ തുറക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. രോഗ വ്യാപനത്തിന്റെ തോതനുസരിച്ച് പ്രാദേശിക അടിസ്ഥാനത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ച സാഹചര്യത്തിൽ രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങളിൽ നിയന്ത്രണങ്ങളോടെ ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്.
ഏപ്രിൽ 26നാണ് കോർപ്പറേഷൻ ഔട്ട്‌ലെറ്റുകൾ അടച്ചത്. ഔട്ട്‌ലെറ്റുകൾ അടച്ചതിലൂടെ 1700 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സർക്കാർ കണക്ക്. എക്സൈസ് വകുപ്പ് ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ടുണ്ട്. ഔട്ട്‌ലെറ്റുകൾ തുറക്കുന്നത് സംബന്ധിച്ച് സർക്കാരിൽനിന്നും നിർദ്ദേശം ലഭിച്ചിട്ടില്ലെന്നു കോർപ്പറേഷൻ അധികൃതർ അറിയിച്ചു. വൈകുന്നേരത്തോടെ തീരുമാനം ഉണ്ടാകുമെന്ന് എക്സൈസ് മന്ത്രിയുടെ ഓഫിസ് പറഞ്ഞു. ഔട്ട്‌ലെറ്റുകൾ തുറക്കുമ്പോൾ തിരക്ക് ഒഴിവാക്കുന്നതിനെക്കുറിച്ച് കമ്പനി സെക്രട്ടറി തൊഴിലാളി സംഘടനകളുടെ അഭിപ്രായം തേടി. തിരക്കു കുറയ്ക്കാൻ ആപ്പ് ഉപയോഗിക്കുകയോ പൊലീസ് സേവനം തേടുകയോ ചെയ്യണമെന്ന് തൊഴിലാളി സംഘടനകൾ അഭിപ്രായപ്പെട്ടു.