കേരളത്തിന്റെ പല ജില്ലകളിലും ഡെല്‍റ്റാ വൈറസിന്റ വ്യാപനം നടക്കുന്നുണ്ട്; ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും എല്ലാവരും കോവിഡിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ നിന്നും നാം പൂര്‍ണ മുക്തരല്ല. കേരളത്തിന്റെ പല ജില്ലകളിലും ഡെല്‍റ്റാ വൈറസിന്റ വ്യാപനം നടക്കുന്നുണ്ട്. ഇക്കാരണം കൊണ്ട് പെട്ടന്ന് രോഗവ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. മാത്രമല്ല മൂന്നാം തരംഗം ഉണ്ടായേക്കാമെന്ന വിദഗ്ധാഭിപ്രായവുമുണ്ട്. അതിനാല്‍ നമ്മള്‍ പാലിച്ച ജാഗ്രതയും കരുതലും കുറേ നാളുകള്‍ കൂടി തുടരേണ്ടതുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് വന്നെങ്കിലും നമ്മള്‍ സ്വയം നിയന്ത്രിക്കണം.
പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരും രോഗിയുമായി നേരിട്ട് സമ്ബര്‍ക്കത്തിലുള്ളവരും ഒരു കാരണവശാലും പുറത്തിറങ്ങരുത്. രോഗലക്ഷണമുള്ളവര്‍ നേരിട്ടോ ഇ സഞ്ജീനി വഴിയോ ചികിത്സ തേടേണ്ടതാണ്. മാത്രമല്ല ഇവര്‍ കോവിഡ് പരിശോധന നടത്തേണ്ടതുമാണ്. പൊതു സ്ഥലത്തേക്കിറങ്ങുന്ന എല്ലാവരും ഡബിള്‍ മാസ്‌ക്, അല്ലെങ്കില്‍ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ക്വാറന്റൈനിലും ഐസൊലേഷനിലും ഉള്ളവര്‍ അത് കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പരമാവധി യാത്രകള്‍ ഒഴിവാക്കുക. യാത്രയ്ക്ക് മുമ്ബും ശേഷവും കൈകള്‍ ഫലപ്രദമായി കഴുകുകയോ സാനിറ്റൈസ് ചെയ്യുകയോ വേണം. കൈ ശുചിയാക്കാതെ കൈകള്‍ കണ്ണിലോ മൂക്കിലോ വായിലോ സ്പര്‍ശിക്കരുത്. പൊതുയിടങ്ങളില്‍ കഴിവതും 2 മീറ്റര്‍ സാമൂഹിക അകലം പാലിക്കേണ്ടതാണ്. വീട്ടിലെത്തിയ ഉടന്‍ കൈകള്‍ സോപ്പുപയോഗിച്ച് നന്നായി കഴുകണം. വസ്ത്രം സോപ്പ് വെള്ളത്തില്‍ കുതിര്‍ത്ത് വച്ചശേഷം കഴുകണം. സോപ്പുപയോഗിച്ച് കുളിച്ചതിന് ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാവൂ.
അടച്ചിട്ടിരിക്കുന്ന സ്ഥലങ്ങളില്‍ രോഗവ്യാപന സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ ഓഫീസുകളും സ്ഥാപനങ്ങളും തുറക്കുമ്ബോള്‍ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്. സാധ്യമാകുന്നിടത്തൊക്കെ എ.സി. ഒഴിവാക്കേണ്ടതാണ്. സ്ഥാപനത്തിലുള്ള എല്ലാവരും മാസ്‌ക് ധരിക്കേണ്ടതാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. എല്ലാവരും കൂടി മാസ്‌ക് അഴിച്ച് വച്ചാല്‍ ആര്‍ക്കെങ്കിലും രോഗബാധയുണ്ടെങ്കില്‍ എല്ലാവര്‍ക്കും പകരാന്‍ സാധ്യതയുണ്ട്. ജനിതകമാറ്റം വന്ന വൈറസിന്റെ വ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ വ്യാപനം ഒഴിവാക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. കോവിഡ് സംബന്ധിച്ച സംശയങ്ങള്‍ക്ക് ദിശ 104, 1056 എന്നീ നമ്ബരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.