മീഡിയാവൺ ചാനലിനെതിരെ ഐഷ സുൽത്താന; ചാനലിന്റെ അജണ്ടയ്ക്കായി തന്നെ കരുവാക്കിയെന്ന് ആരോപണം
കൊച്ചി : ബയോ വെപ്പൺ പരാമർശത്തിൽ മീഡിയ വൺ ചാനലിനെ പഴിചാരി സംവിധായിക ഐഷ സുൽത്താന. ചാനൽ അജണ്ട നടപ്പാക്കാനുള്ള കരുവായി തന്നെ ഉപയോഗിച്ചെന്ന് ഐഷ സുൽത്താന പറഞ്ഞു. ഔട്ട് ലുക്ക് മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ചാനലിനെതിരെ ഐഷ സുൽത്താന രംഗത്ത് വന്നത്. ബയോ വെപ്പൺ പരാമർശം തെറ്റായിരുന്നുവെന്നും അവർ കുറ്റസമ്മതം നടത്തി.
കൊറോണയെ ജൈവായുധമായി ഉപയോഗിച്ചുവെന്ന പരാമർശം തെറ്റാണെന്ന് സമ്മതിക്കുന്നു. എന്നാൽ മീഡിയ വൺ ചാനൽ തന്റെ പരാമർശം വിശദമാക്കാനുള്ള സമയം അനുവദിച്ചില്ല. ചാനൽ അജണ്ടയ്ക്കായി തന്നെ ഉപയോഗപ്പെടുത്തിയെന്നും ഐഷ സുൽത്താന പറഞ്ഞു.
ചാനൽ ചർച്ചയിൽ പങ്കെടുത്ത ഒരു പ്രതിനിധി ലക്ഷദ്വീപിനെക്കുറിച്ച് തുടർച്ചയായി കള്ളങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. അതാണ് തന്നെ പ്രകോപിതയാക്കിയത്. മൊബൈലിൽ ഹെഡ്‌ഫോൺ കുത്തിയാണ് ചാനൽ ചർച്ചയിൽ പങ്കെടുത്തത്. മുൻപിൽ ടിവി സ്‌ക്രീൻ പോലും ഉണ്ടായിരുന്നില്ല. ബയോവെപ്പൺ എന്ന പരാമർശം നടത്തിയതും ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളിൽ ഒരാൾ തന്നോട് കയർത്തു. സാങ്കേതിക പ്രശ്‌നം നേരിട്ട കാരണം പറഞ്ഞ കാര്യങ്ങൾ ഒന്നും വ്യക്തമായില്ല. ബോയവെപ്പൺ പരാമർശത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറാണോയെന്ന് അവതാരകൻ ചോദിച്ചു. അപ്പോൾ അതേ എന്ന് മറുപടി നൽകിയെന്നും ഐഷ സുൽത്താന വ്യക്തമാക്കി.
അഡ്മിനിസ്‌ട്രേറ്ററെയാണ് ബയോ വെപ്പൺ എന്ന് പരാമർശിച്ചത്. കാരണം അഡ്മിനിസ്‌ട്രേറ്റർക്ക് ഒപ്പം വന്ന ആൾക്കാണ് ദ്വീപിൽ ആദ്യം കൊറോണ സ്ഥിരീകരിച്ചത്. തന്റെ പരാമർശം തർക്കങ്ങളിലേക്ക് വഴിമാറിയപ്പോൾ വിശദീകരിക്കാൻ ശ്രമിച്ചതാണ്. എന്നാൽ അതിന് അവതാരകൻ അനുവദിച്ചില്ല. അടുത്ത ദിവസം തന്നെ ചാനലുമായി ബന്ധപ്പെട്ട് പരാമർശത്തെക്കുറിച്ച് വിശദമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അവർ അനുവദിച്ചില്ലെന്നും ഐഷ സുൽത്താന ഔട്ട് ലുക്കിനോട് പ്രതികരിച്ചു.
പിന്നീട് സംഭവം വലിയ ചർച്ചാ വിഷയമായി. ബിജെപി നേതാക്കൾ തനിക്കെതിരെ പരാതി നൽകി. ഇതിന് ശേഷം ചാനൽ അവതാരകരെ വിളിക്കുകയും ക്ഷമ ചോദിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ തന്റെ ആവശ്യം മീഡിയാ വൺ ചാനൽ നിരാകരിക്കുകയായിരുന്നു. ഇതിന് ശേഷം ലക്ഷദ്വീപിലെ വാർത്ത നൽകിയതിന് ദ്വീപിലെ പഞ്ചായത്ത് മീഡിയാ വൺ ചാനലിന് പുരസ്‌കാരം നൽകാൻ പോകുന്നതായി അറിഞ്ഞു. ഉടനെ പഞ്ചായത്ത് അധികൃതരെ വിളിക്കുകയും പുരസ്‌കാരം നൽകരുതെന്ന് ആവശ്യപ്പെടുകയുമായിരുന്നുവെന്നും ഐഷ സുൽത്താന പറഞ്ഞു.