ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ; ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ; ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

June 22, 2021 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ എത്തിയ സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടാകുക. സംസ്ഥാനത്ത് 72 ദിവസങ്ങള്‍ക്ക് ശേഷമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെയെത്തുന്നത്.

ഒന്നര ലക്ഷം പരിശോധനകള്‍ നടത്തിയിരുന്ന പരിശോധനകള്‍ സംസ്ഥാനത്തെ നേരെ പകുതിയായിട്ടും ടിപിആര്‍ കൂടിയിട്ടില്ല. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ശേഷം ഇളവുകള്‍ വരുന്നതോടെ വ്യാപനം കൂടുമെന്ന ആശങ്കയുണ്ടായെങ്കിലും കേസുകള്‍ ഉയര്‍ന്നില്ല.

30ന് മുകളില്‍ പോസിറ്റിവിറ്റി നിരക്കുണ്ടായിരുന്ന പഞ്ചായത്തുകളില്‍ 25ല്‍ നിന്ന് 16 ആയി കുറഞ്ഞിട്ടുണ്ട്. നിയന്ത്രണങ്ങളില്‍ പൂര്‍ണമായും ഇളവ് നല്‍കിയ പ്രദേശങ്ങളില്‍ വ്യാപനം ഇതുവരെ കൂടിയിട്ടില്ല. ഇപ്പോഴത്തെ പുതിയ സാഹചര്യം കണക്കിലെടുത്ത് ബസ് സര്‍വീസ് അടക്കം അന്തര്‍ ജില്ല യാത്രകള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്.

ഇപ്പോള്‍ തുറക്കാന്‍ അനുവദിച്ച കടകള്‍ക്ക് സമയം നീട്ടി നല്‍കാനിടയുണ്ട്. ഇപ്പോള്‍ ഹോട്ടലുകള്‍ ഉള്‍പ്പടെ ഏഴ് മണി വരെയാണ് തുറക്കാന്‍ അനുവദിച്ചിട്ടുള്ളത്. ഇത് ഉടമകള്‍ക്ക് വലിയ നഷ്ടം വരുത്തിവച്ചിട്ടുണ്ട്. ഇത് നീട്ടി നല്‍കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമോ എന്നതില്‍ വ്യക്തതയില്ല.