വിസ്മയയുടെ മരണത്തില്‍ കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുണ്ട് ; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമെന്ന് ഐ ജി

വിസ്മയയുടെ മരണത്തില്‍ കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവുണ്ട് ; ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമെന്ന് ഐ ജി

June 23, 2021 0 By Editor

കൊല്ലം : വിസ്മയയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ഐ ജി ഹര്‍ഷിത അട്ടല്ലൂരി. വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ ശക്തമായ തെളിവ് ഉണ്ടെന്ന് ഐജി പറഞ്ഞു. കുറ്റക്കാര്‍ക്ക് ശക്തമായ ശിക്ഷ ലഭിക്കുമെന്നും ഐജി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.

‘കൊലക്കുറ്റം 302 ആണ്. സ്ത്രീധന മരണമാണെങ്കില്‍ 304 (ബി) ആണ്. ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ്. കൊലപാതകമാണോ എന്നതല്ല, ഒരു പെണ്‍കുട്ടിയുടെ ജീവന്‍ പോയതല്ലേ. ഇത് ഗുരുതരമായ കേസാണ്’, ഐജി പറഞ്ഞു.

‘വിസ്മയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡോക്ടറുമായി കൂടുതല്‍ സംസാരിക്കേണ്ടതുണ്ട്. അതുകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ല’, ഐജി പറഞ്ഞു. വിസ്‌മയയുടെ വീട്ടിലെത്തി കിരണ്‍ ആക്രമണം നടത്തിയ സംഭവത്തില്‍ വീട്ടുകാരുടെ സ്റ്റേറ്റ്‌മെന്‍റ് എടുത്തശേഷം കേസെടുക്കുമെന്നും ഐ ജി വ്യക്തമാക്കി.