രണ്ടാംതരംഗം അവസാനിക്കും മുന്‍പ് കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യത; ഡെല്‍റ്റപ്ലസ്  പടരാതിരിക്കാൻ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ

രണ്ടാംതരംഗം അവസാനിക്കും മുന്‍പ് കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടാന്‍ സാധ്യത; ഡെല്‍റ്റപ്ലസ് പടരാതിരിക്കാൻ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ

June 27, 2021 0 By Editor

തിരുവനന്തപുരം: കേരളത്തിൽ കോവിഡിന്റെ രണ്ടാംതരംഗം അവസാനിക്കും മുന്‍പ് തന്നെ കേസുകള്‍ വീണ്ടും കൂടാന്‍ സാധ്യതയെന്ന മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ. ഡെല്‍റ്റപ്ലസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം.ഡെല്‍റ്റ പ്ലസ് അടക്കം വ്യാപനശേഷി കൂടിയ വൈറസുകളെക്കുറിച്ച്‌ സംസ്ഥാനം പഠനം തുടങ്ങിയെങ്കിലും സമഗ്രമായി സാംപിളുകള്‍ ലഭിക്കാത്തത് തിരിച്ചടിയാവുകയാണ്. വ്യാപനം കൂടിയ മേഖലകളില്‍ പത്ത് മടങ്ങുവരെ പരിശോധന നടത്തിയിട്ടും തുടര്‍ച്ചയായ അഞ്ച് ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ന് മുകളില്‍ തന്നെയാണ്.

കോവിഡ് രണ്ടാംതരംഗം അവസാനിക്കുകയാണെന്ന വിലയിരുത്തലുകള്‍ക്കിടെയാണ് അതിന് മുന്‍പ് തന്നെ കേസുകള്‍ കൂടാനിടയുണ്ടെന്ന മുന്നറിയിപ്പ്. നേരത്തേ നടന്ന സീറോ സര്‍വ്വേ പ്രകാരം സംസ്ഥാനത്ത് വളരെ കുറച്ച്‌ ശതമാനം പേരില്‍ മാത്രമാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. ഇനിയും ബാധിക്കാന്‍ സാധ്യതയുള്ളവരുടെ എണ്ണമാണ് കൂടുതല്‍.

ഇളവുകളും ഇതിനിടയില്‍ സ്ഥിരീകരിച്ച വ്യാപനശേഷി കൂടിയ ഡെല്‍റ്റ പ്ലസ് വകഭേദവും ആശങ്കയ്ക്ക് ഇടയാക്കുന്നുവെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. ഇതോടൊപ്പം തീവ്രവകഭേദങ്ങള്‍ കണ്ടെത്താനെടുക്കുന്ന കാലതാമസവും തിരിച്ചടിയാണ്. വ്യാപന ശേഷി കൂടിയ വൈറസ് വകഭേദങ്ങള്‍ കണ്ടെത്തുന്നതിന് കഴിഞ്ഞ മാസമാണ് സംസ്ഥാനം ജനിതക ശ്രേണീകരണ പഠനം തുടങ്ങിയത്. തിരുവനന്തപുരം രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലും കോഴിക്കോട് മെഡിക്കല്‍ കോളേജിലുമാണ് നിലവില്‍ സംവിധാനമുള്ളത്. എന്നാല്‍ സ്ഥിരീകരിച്ച മൂന്ന് ഡെല്‍റ്റ പ്ലസ് കേസുകളുടെയും ഫലം ലഭിച്ചത് ദില്ലിയില്‍ അയച്ച സാംപിളുകളില്‍ നിന്നാണ്.

ദില്ലിയില്‍ നിന്ന് ഫലം ലഭിക്കുന്നതാകട്ടെ സാംപിളുകള്‍ നല്‍കി ഏറെ വൈകിയാണ്. ദില്ലിയില്‍ സാംപിളുകളുടെ മൊത്തത്തിലുള്ള ശ്രേണീകരണം പഠിക്കുമ്പോൾ സംസ്ഥാനത്തുള്ളത് വൈറസിന്‍റെ ഭാഗങ്ങള്‍ ശ്രേണീകരിച്ചുള്ള പഠനത്തിനുള്ള സംവിധാനമാണ്. എല്ലാ ജില്ലകളില്‍ നിന്നും പ്രശ്നസാധ്യത കൂടിയ സാംപിളുകള്‍ സമഗ്രമായി ലഭിക്കണമെന്നിരിക്കെ സംസ്ഥാനത്ത് ഇത് നടക്കുന്നില്ല. ഇങ്ങനെയെങ്കില്‍ തീവ്രവകഭേദങ്ങള്‍ കണ്ടെത്തി പ്രതിരോധിക്കാനാകില്ല.