മൊബൈൽ ഫോൺ പുഴയിലെറിഞ്ഞു, പാസ്‌പോർട്ട് കാണാനില്ല: അർജ്ജുൻ ചോദ്യം ചെയ്യലിന് എത്തിയത് തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷം !
കോഴിക്കോട്: സ്വർണക്കടത്തിനെതിരായ തെളിവുകൾ എല്ലാം നശിപ്പിച്ചുവെന്ന് അർജ്ജുൻ ആയങ്കിയുടെ വെളിപ്പെടുത്തൽ. മൊബൈൽ ഫോൺ പുഴയിലെറിഞ്ഞെന്നും പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ കാണാനില്ലെന്നും അർജ്ജുൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. കരിപ്പൂർ വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്തിയ സ്വർണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘത്തിലെ പ്രധാനിയാണ് അർജ്ജുൻ ആയങ്കി. തെളിവുകൾ എല്ലാം നശിപ്പിച്ച ശേഷമാണ് അർജ്ജുൻ ചോദ്യം ചെയ്യലിന് എത്തിയത്. പാസ്‌പോർട്ട് അടക്കമുള്ള തിരിച്ചറിയൽ രേഖകൾ കാണാനില്ലെന്നും കോഴിക്കോട്ടേക്കുള്ള യാത്രാമദ്ധ്യേ മൊബൈൽ ഫോൺ നഷ്ടപ്പെട്ടുപോയെന്നുമാണ് അർജ്ജുൻ മൊഴി നൽകിയത്. ഫോൺ രേഖ അടക്കമുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് അർജ്ജുനെ കസ്റ്റംസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. അതിനിടെ അർജ്ജുനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാവിലെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിലാണ് ഹാജരാക്കുക. കേസിൽ കൂടുതൽ ചോദ്യം ചെയ്യലിന് പ്രതിയെ കസ്റ്റഡിയിൽ വിട്ട് കിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകും.കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി. സജേഷിനേയും കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.