വിസ്മയ കേസില്‍ കിരണിനെ പൂട്ടാനുറച്ച് പോലീസ് ; 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കും !
കൊല്ലം : വിസ്മയ കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ ഒരുങ്ങി അന്വേഷണ സംഘം. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ കിരണ്‍ ജാമ്യം നേടി പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഐജി കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ഉത്ര കേസിലും ഇത്തരത്തില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജ് ജാമ്യം ലഭിച്ച് പുറത്തിറങ്ങാതിരിക്കാനായി കുറ്റപത്രം 90 ദിവസത്തിനുള്ളില്‍ തന്നെ സമര്‍പ്പിക്കുകയായിരുന്നു. അതേസമയം വിസ്മയയുടേത് ആത്മഹത്യയെന്ന് സൂചന നല്‍കുന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയെങ്കിലും കൊലപാതകമോ ആത്മഹത്യയോ എന്ന അന്തിമ നിഗമനത്തിലേക്ക് പോലീസ് ഇനിയും എത്തിയിട്ടില്ല.
നിലവില്‍ ജീവപര്യന്തം കഠിന തടവുശിക്ഷയെങ്കിലും കിരണ്‍കുമാറിന് ഉറപ്പിക്കും വിധം അന്വേഷണവും കോടതി നടപടികളും മുന്നോട്ടു കൊണ്ടുപോകാനാണ് പോലീസ് തീരുമാനം. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ കേസിന് നിയോഗിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. എന്നാല്‍ വിസ്മയ ശുചി മുറിക്കുള്ളില്‍ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസിനോട് പ്രതിയായ കിരണ്‍ ആവര്‍ത്തിച്ചു. വിസ്മയയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. തൂങ്ങിമരിച്ച ദിവസം താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.കിരണിന്റെ ബന്ധുക്കളില്‍ ചിലര്‍ക്കെതിരെയും മൊഴി ലഭിച്ചിട്ടുണ്ടെങ്കിലും തല്‍ക്കാലം കിരണിന് പരമാവധി ശിക്ഷയുറപ്പിക്കുന്നതില്‍ ഊന്നല്‍ നല്‍കാനാണ് പൊലീസ് ശ്രമിക്കുന്നതു എന്നാണ് റിപ്പോർട്ടുകൾ