വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ ഡമ്മി പരിശോധന ; തെളിവെടുപ്പ് രംഗങ്ങള്‍ ക്യാമറയില്‍ ചിത്രീകരിക്കുന്നു
വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ വീട്ടില്‍ അന്വേഷണ സംഘത്തിന്റെ ഡമ്മി പരിശോധന.വിസ്മയയെ ശൗചാലയത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയതും ഇതിനുശേഷം കിരണ്‍കുമാര്‍ ചെയ്തകാര്യങ്ങളുമെല്ലാം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്കരിച്ചു. മരണദിവസം ശുചിമുറിയില്‍ നടന്ന സംഭവങ്ങള്‍ അന്വേഷണസംഘം പുനരാവിഷ്‌കരിച്ചു. സ്വര്‍ണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലീസ് തുറന്ന് പരിശോധിച്ചു.
വിസ്മയയുടെ മരണം സംഭവിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും അന്വേഷണസംഘത്തിന് കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ പശ്ചാത്തലത്തിലാണ് സംശയ ദൂരീകരണത്തിനായി പൊലീസ് സര്‍ജന്‍ കെ ശശികലയുടെ സാന്നിധ്യത്തില്‍ ഡമ്മി പരിശോധന നടത്തിയത്. തറനിരപ്പില്‍ നിന്ന് 185 സെന്‍റീമീറ്റര്‍ ഉയരത്തിലായിരുന്നു വിസ്മയ തൂങ്ങി നിന്നത്. 166 സെന്‍റീമീറ്റര്‍ ഉയരമുള്ള വിസ്മയക്ക് ഈ നിലയില്‍ ആത്മഹത്യ സാധ്യമാണോ എന്ന് പൊലീസ് ചോദിച്ചറിഞ്ഞു. കിരണ്‍കുമാര്‍ ചെയ്തകാര്യങ്ങളുമെല്ലാം ഡമ്മി ഉപയോഗിച്ച് പുനരാവിഷ്‌കരിച്ചു. ചോദ്യങ്ങളോടെല്ലാം നിര്‍വികാരമായിട്ടായിരുന്നു കിരണിന്റെ പ്രതികരണം. വാതില്‍ ചവിട്ടിത്തുറന്നതും പിന്നീടുണ്ടായ കാര്യങ്ങളും കിരണ്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചുകാണിച്ചു. ഇതെല്ലാം പൊലീസ് സംഘം ക്യാമറയില്‍ ചിത്രീകരിക്കുകയും ചെയ്തു. പൊലീസ് സര്‍ജനും ഫൊറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.