400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്‌സ് യോഗ്യത; മലപ്പുറത്തിന്റെ അഭിമാനമായി ജാബിർ; നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി

400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്‌സ് യോഗ്യത; മലപ്പുറത്തിന്റെ അഭിമാനമായി ജാബിർ; നേട്ടം കൈവരിക്കുന്ന ആദ്യ മലയാളി

July 1, 2021 0 By Editor

ന്യൂഡൽഹി: 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്‌സ് യോഗ്യത നേടി മലയാളി താരം എംപി ജാബിർ. ലോക റാങ്കിംഗ് ക്വാട്ടയിലാണ് ജാബിർ ടോക്കിയോ ഒളിമ്പിക്‌സിന് ടിക്കറ്റ് ഉറപ്പിച്ചത്. നാവികസേനാംഗമാണ് ജാബിർ. ഒളിമ്പിക്‌സിൽ 400 മീറ്റർ ഹർഡിൽസിൽ മത്സരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാകും ജാബിർ.മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശിയാണ് 25 കാരനായ ജാബിർ. പാട്യാലയിൽ അടുത്തിടെ നടന്ന അന്തർ സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 49.78 സെക്കൻഡിൽ ഫിനീഷ് ചെയ്താണ് ജാബിർ സ്വർണം നേടിയത്.

2019 ൽ ദോഹയിൽ കുറിച്ച 49.13 സെക്കൻഡാണ് ജാബിറിന്റെ മികച്ച സമയം. 2017 ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ ജാബിർ വെങ്കലം നേടിയിരുന്നു. നാവികസേനയിലെ പരിശീലക സംഘത്തിന്റെ മേൽനോട്ടത്തിൽ മികച്ച തയ്യാറെടുപ്പാണ് ജാബിർ നടത്തിയിട്ടുളളതെന്ന് പ്രതിരോധസേനാ വക്താവ് വ്യക്തമാക്കി.ജാവലിൻ ത്രോ താരം അനു റാണിയും സ്പ്രിന്റർ ദ്യുതി ചന്ദും റാങ്കിംഗ് ക്വാട്ടയിൽ ജാബിറിനൊപ്പം ഒളിമ്പിക്‌സ് യോഗ്യത നേടിയിട്ടുണ്ട്. ദേശീയ റെക്കോഡിന് ഉടമയായ അനു റാണിയുടെ ആദ്യ ഒളിമ്പിക്‌സാണിത്.