ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; കൈവിട്ട തമാശയിൽ പൊലിഞ്ഞത് 3 ജീവനുകൾ
കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച് കൊന്ന രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികളെന്ന് കണ്ടെത്തല്‍. കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് സ്വദേശി രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു ഭര്‍ത്താവിന്റെ ബന്ധുക്കളായ കല്ലുവാതുക്കല്‍ മേവനക്കോണം രഞ്ജിത്തിന്റെ ഭാര്യ ആര്യ, രഞ്ജിത്തിന്റെ സഹോദരിയുടെ മകള്‍ ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ എന്നിവര്‍ ഇത്തിരക്കരയാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്താണ് രേഷ്മയെ രണ്ടു യുവതികളും ചേര്‍ന്ന് കബളിപ്പിക്കുകയായിരുന്നു എന്ന് പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഗ്രീഷ്മ നേരത്തെ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു എന്നും തമാശയ്ക്കാണ് ചെയ്യുന്നതെന്നും പറഞ്ഞിരുന്നു. അനന്തു എന്ന ഫെയ്സ് ബുക്ക് അക്കൗണ്ട് വഴിയായിരുന്നു ചാറ്റിങ്. സന്ദേശങ്ങള്‍ അയച്ചതല്ലാതെ ഫോണ്‍ വിളികള്‍ ഉണ്ടായിട്ടില്ല. ഫോണ്‍ നമ്പർ രേഷ്മ ചോദിച്ചിട്ടും നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു എന്നും സുഹൃത്ത് പൊലീസിനോട് പറഞ്ഞു.
അറസ്റ്റിലായ കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് സ്വദേശി രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് ആത്മഹത്യ ചെയ്ത ഗ്രീഷ്മയും ആര്യയും. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ, രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. കഴിഞ്ഞ ജനുവരി അഞ്ചിന് ഊഴായ്‌ക്കോട് ക്ഷേത്രത്തിന് സമീപമുള്ള സുദര്‍നന്‍പിള്ളയുടെ വീടിന്റെ പറമ്പിൽ നിന്ന് ഉപേക്ഷിച്ച നിലയില്‍ ഒരു ആണ്‍കുഞ്ഞിനെ കണ്ടെത്തി. കരിയിലക്കൂട്ടത്തില്‍ കിടന്ന ആണ്‍കുഞ്ഞ് അവശനിലയിലായിരുന്നു. വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും കുഞ്ഞ് മരിച്ചു. നരഹത്യക്ക് കേസെടുത്ത പൊലീസ് പ്രദേശത്തെ സ്ത്രീകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. പക്ഷേ ആറുമാസത്തിനൊടുവിലാണ് കുഞ്ഞിന്റെ അമ്മ സുദര്‍ശനന്‍പിള്ളയുടെ മകള്‍ രേഷ്മയാണെന്ന് പൊലീസിന് കണ്ടെത്താനായത്. കോടതി അനുമതിയോടെ എട്ടുപേരുടെ രക്തസാംപിളുകള്‍ ശേഖരിച്ച് പൊലീസ് ഡിഎന്‍എ പരിശോധന നടത്തിയാണ് രേഷ്മയാണ് കുഞ്ഞിന്റെ അമ്മയെന്ന് കണ്ടെത്തിയത്.
ഇതേ തുടര്‍ന്ന് കഴിഞ്ഞ 22 ന് രേഷ്മയെ പൊലീസ് പിടികൂടി കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തു. പ്രസവിച്ചയുടന്‍ എന്തിന് കുഞ്ഞിനെ കൊന്നു എന്ന ചോദ്യത്തിന് സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ജീവിക്കാനാണെന്നായിരുന്നു പാരിപ്പള്ളി പൊലീസിന് രേഷ്മ നല്‍കിയ മൊഴി. എന്നാല്‍ രേഷ്മ പറഞ്ഞ കാമുകനെ പൊലീസിന് കണ്ടെത്താനായില്ല.
വിവിധങ്ങളായ ഫേസ്‌ബുക്ക് അക്കൗണ്ടുകള്‍ പൊലീസ് പരിശോധിച്ചു. ഇതിനിടെയാണ് മരിച്ച ആര്യയുടെ പേരിലുള്ള മൊബൈല്‍നമ്പർ ഉപയോഗിച്ചുകൊണ്ടാണ് രേഷ്മ ഫേസ്‌ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചതെന്ന് കണ്ടെത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ തേടാനാണ് ആര്യയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ആര്യ ഭര്‍ത്താവിന്റെ സഹോദരിയുടെ മകളായ ഗ്രീഷ്മയെയും ഒപ്പം കൂട്ടുകയായിരുന്നു. എടിഎമ്മിലും കടയിലും ക്ഷേത്രത്തിലുമൊക്കെ പോയ യുവതികള്‍ വീട്ടിലേക്ക് തിരികെ വന്നില്ല. തുടര്‍ന്ന് ആര്യയുടെ ഭര്‍ത്താവ് രഞ്ജിത്ത് പാരിപ്പള്ളി പൊലീസില്‍ പരാതി നല്‍കി. ഇവര്‍ കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ഫോണ്‍ ടവര്‍ലൊക്കേഷനും പരിശോധിച്ചപ്പോള്‍ ഇത്തിക്കരയാറിന് സമീപമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് പൊലീസും അഗ്‌നിശമനസേനയും പരിശോധന നടത്തുകയായിരുന്നു. ആത്ഹത്യ തന്നെയാണ് പൊലീസ് പറയുന്നത്. ഇതിന് തെളിവായി ആത്മഹത്യകുറിപ്പും പൊലീസിന് ലഭിച്ചു. രേഷ്മയ്‌ക്കെതിരെയാണ് മരിച്ച ആര്യ ആത്മഹത്യകുറിപ്പ് എഴുതിവച്ചിരുന്നത്. കുഞ്ഞിനെ കൊന്ന കേസില്‍ പൊലീസ് പിടികൂടുന്നത് സഹിക്കാന്‍കഴിയില്ല. രേഷ്മ വഞ്ചകിയാണെന്ന് അറിഞ്ഞിരുന്നില്ല. അറിഞ്ഞുകൊണ്ട് ആരെയും ചതിച്ചിട്ടില്ലെന്നും എല്ലാവരും ക്ഷമിക്കണമെന്നുമാണ് ആത്മഹത്യകുറിപ്പിലുണ്ടായിരുന്നത്.