"ജനാധിപത്യ ബോധമില്ലാത്ത ഇത്തരം വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുത്" മുകേഷിനെതിരെ സംവിധായകന്‍ ഡോ. ബിജു
ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയോട് കയര്‍ത്ത് സംസാരിച്ച നടനും കൊല്ലം എം.എല്‍.എയുമായ മുകേഷിനെതിരെ സംവിധായകന്‍ ഡോ. ബിജു. ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണമെന്ന് എം.എല്‍.എമാരെ പഠിപ്പിക്കുന്ന സെഷന്‍ നിയമസഭയില്‍ ഏര്‍പ്പെടുത്തണമെന്ന് ഡോ. ബിജു ആവശ്യപ്പെട്ടു.
ജനാധിപത്യ ബോധമില്ലാത്ത ഇത്തരം വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുത്. പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണെന്ന കാര്യത്തില്‍ സാമാന്യ ബോധം ഇല്ലെങ്കില്‍ നിയമസഭയോ അല്ലെങ്കില്‍ അവരെ എം.എല്‍.എയാക്കിയ പാര്‍ട്ടിയോ അവര്‍ക്ക് ഓറിയന്‍റേഷന്‍ ക്ലാസ് നല്‍കുന്നത് നന്നായിരിക്കും.
സാലറിയും യാത്രാബത്തയും അലവന്‍സും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്. അപ്പോള്‍ ഏതു ജില്ലയില്‍ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുതെന്നും ഡോ. ബിജു ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.