ഇടുക്കിയിലെ ആറുവയസ്സുകാരിയുടെ മരണം ; പ്രതി മനസ്സില്‍ കൊടും ക്രൂരത ഒളിപ്പിച്ച്‌ നാട്ടില്‍ നടന്നത് ഡിവൈഎഫ്‌ഐ നേതാവെന്ന പരിവേഷത്തില്‍

ചുരക്കുളം എസ്റ്റേറ്റില്‍ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി അര്‍ജുനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞെട്ടിത്തരിച്ച്‌ നിന്നത് നാട് ഒന്നാകെ. മരണ വീട്ടില്‍…

ചുരക്കുളം എസ്റ്റേറ്റില്‍ ആറുവയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച ശേഷം പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി അര്‍ജുനെ അറസ്റ്റ് ചെയ്തപ്പോള്‍ ഞെട്ടിത്തരിച്ച്‌ നിന്നത് നാട് ഒന്നാകെ. മരണ വീട്ടില്‍ പന്തല്‍ കെട്ടുന്നതിനു പടുത വാങ്ങി കൊണ്ടു വന്ന അര്‍ജുന്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇടയിലും ശേഷവും കുട്ടിയുടെ വേര്‍പാടില്‍ മനംനൊന്ത് വിലപിക്കുന്നത് കണ്ട നാട്ടുകാര്‍ക്ക് കേസിലെ യഥാര്‍ത്ഥ പ്രതിയെ നേരില്‍ കണ്ടപ്പോള്‍ വലിയ നടുക്കമാണ് ഉണ്ടായത്. മനസ്സില്‍ മുഴുവന്‍ കൊടും ക്രൂരത ഒളിപ്പിച്ചു വച്ച ശേഷം നാട്ടില്‍ ജനകീയ പരിവേഷത്തില്‍ ആണ് അര്‍ജുന്‍ വിലസിയിരുന്നത്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ തമിഴ്‌നാട്ടില്‍നിന്നു എത്തിയ ബന്ധുക്കള്‍ക്ക് ഭക്ഷണം തയാറാക്കുന്നതിനു വെള്ളം എത്തിച്ചതും ഇവിടെ ഭക്ഷണം വിളമ്ബുന്നതിനും അര്‍ജുന്‍ നേതൃത്വം നല്‍കി. സംസ്‌കാര ചടങ്ങിനിടെ പെണ്‍കുട്ടിയുടെ വേര്‍പാടിന്റെ ദുഃഖം വിളിച്ചുപറഞ്ഞു പലതവണ അലമുറയിട്ടു കരഞ്ഞു.

ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവ് ആയിരുന്ന അര്‍ജുന്‍ ചുരക്കുളം എസ്റ്റേറ്റിലും പരിസരങ്ങളിലും അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അടുത്തിടെ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച റീ സൈക്കിള്‍ ശേഖരണ പരിപാടിയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരക്കാരന്‍ ആയി വീടുകളില്‍ എത്തി സാധനങ്ങള്‍ സംഘടിപ്പിച്ചതു ഇയാളെന്ന് നാട്ടുകാര്‍ ഓര്‍ത്തെടുക്കുന്നു. ഇതുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പാര്‍ട്ടി ജാഥകളിലും പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുത്തിരുന്ന ഇയാള്‍ ഇത്തരം ചിത്രങ്ങളും പതിവായി പങ്കുവച്ചിട്ടുണ്ട്. വണ്ടിപ്പെരിയാറിലെ കൊറിയർ ജീവനക്കാരനായും ജോലി ചെയ്തിരുന്നു. കുട്ടിയുടെ മരണാനന്തര ചടങ്ങുകളിലും സജീവമായി പങ്കെടുത്ത ഇയാളെ ഇതിനു പിന്നാലെ ആണ് പൊലീസ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തത്.കേട്ടാല്‍ ആരുടെയും കണ്ണ് നനയിക്കുന്ന ക്രൂര പീഡനമാണ് 3 വയസ്സുമുതല്‍ ചുരക്കുളം എസ്റ്റേറ്റിലെ കുട്ടി നേരിടേണ്ടിവന്നത്.

കൊല്ലപ്പെട്ട പെണ്‍കുട്ടിയെ മൂന്നു വര്‍ഷത്തോളം പ്രതി അര്‍ജുന്‍ പീഡിപ്പിച്ചിരുന്നതായി പൊലീസ് പറയുന്നു. മിക്ക ദിവസങ്ങളിലും ഇയാള്‍ കുട്ടിക്ക് മിഠായി വാങ്ങി നല്‍കിയിരുന്നു. അശ്ലീല വിഡിയോകള്‍ പതിവായി കാണുന്ന അര്‍ജുന്‍ കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി.വീട്ടില്‍നിന്നു കണ്ടെടുത്ത യുവാവിന്റെ മൊബൈല്‍ ഫോണിലെ അശ്ലീല വീഡിയോകളുടെ വന്‍ ശേഖരം ഇതിനു തെളിവാണെന്ന് പൊലീസ് പറഞ്ഞു. 30ന് പകല്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി അര്‍ജുന്‍ സുഹൃത്തുക്കളുടെ കണ്ണുവെട്ടിച്ചു ലയത്തിലെ മുറിയില്‍ കയറി. ഈ സമയം കുട്ടിയുടെ സഹോദരന്‍ ഉള്‍പ്പെടെ ഇയാളുടെ സുഹൃത്തുക്കള്‍ സമീപത്ത് മുടി വെട്ടിക്കുകയായിരുന്നു.

ക്രൂരമായ പീഡനത്തിനിടെ പെണ്‍കുട്ടി ബോധരഹിതയായി വീണു. എന്നാല്‍ കുട്ടി മരിച്ചു എന്നു കരുതിയ അര്‍ജുന്‍ മുറിയില്‍ കെട്ടിയിട്ടിരുന്ന കയറില്‍ കെട്ടിത്തൂക്കി. ഇതിനിടെ പെണ്‍കുട്ടി കണ്ണ് തുറന്നിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ അര്‍ജുന്‍ പൊലീസിനോടു വെളിപ്പെടുത്തി. മരണം ഉറപ്പു വരുത്തിയശേഷം മുന്‍വശത്തെ കതക് അടച്ചിട്ടു. തുടര്‍ന്ന് ജനാല വഴി ചാടി രക്ഷപ്പെടുകയായിരുന്നു. മൂന്നു മണിയോടെ കുട്ടിയുടെ സഹോദരന്‍ വീട്ടില്‍ എത്തിയപ്പോള്‍ ആണ് സംഭവം കണ്ടത്. വീട്ടില്‍നിന്നു നിലവിളി ഉയര്‍ന്നതിനു പിന്നാലെ ഇവിടേക്ക് ഓടി എത്തിയവരുടെ കൂട്ടത്തില്‍ അര്‍ജുനും ഉണ്ടായിരുന്നു. കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി കുട്ടി മരിച്ചതെന്ന പ്രചാരണം ശക്തമായത് തനിക്ക് തുണയാകുമെന്ന് അര്‍ജുന്‍ കരുതിയിരുന്നതായി പൊലീസ് പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story