കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചു

കേന്ദ്രമന്ത്രിസഭാ പുനഃസംഘടന; ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചു

July 7, 2021 0 By Editor

ന്യൂഡല്‍ഹി: അടിമുടി മാറ്റങ്ങളും അപ്രതീക്ഷിത രാജികളുമായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടന. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ചു. കോവിഡ് പ്രതിരോധത്തിലെ വീഴ്ചയാണ് ഹര്‍ഷവര്‍ധന്റെ സ്ഥാനനഷ്ടത്തിന് കാരണമായതെന്നാണ് സൂചന. ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേയും രാജിവെച്ചിട്ടുണ്ട്. കോവിഡ് രണ്ടാംതരംഗം രാജ്യത്തെ ആരോഗ്യ തരംഗത്തിന് വലിയ വെല്ലുവിളി സൃഷ്ടിച്ചിരുന്നു.

ഹര്‍ഷവര്‍ധനെ കൂടാതെ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, രാസവളം വകുപ്പുമന്ത്രി സദാനന്ദ ഗൗഡ, വനിതാ ശിശുക്ഷേമ വകുപ്പു സഹമന്ത്രി ദേബശ്രീ ചൗധരി, ഭക്ഷ്യ-പൊതുവിതരണ വകുപ്പു സഹമന്ത്രി റാവുസാഹേബ് ദാന്‍വേ പട്ടേലും രാജി സമര്‍പ്പിച്ചു.

യുവാക്കള്‍ക്കും വനിതകള്‍ക്കും പ്രാതിനിധ്യം നല്‍കിക്കൊണ്ടും വമ്പന്‍മാറ്റങ്ങള്‍ വരുത്തിയുമാണ് പുനഃസംഘടന. ഇന്ന് വൈകിട്ട് ആറുമണിക്ക് പുതിയമന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും.