സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് ബാധ

സംസ്ഥാനത്ത് മൂന്ന് പേർക്ക് കൂടി സിക്ക വൈറസ് ബാധ

July 11, 2021 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നേരത്തെ സിക്ക വൈറസ് സ്ഥിരീകരിച്ച തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബില്‍ അയച്ച സാമ്പിളിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ടുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗികളും ഒരാള്‍ ആശുപത്രി ജിവനക്കാരിയുമാണ്.

രോഗികളിൽ ഒരാൾ 46 വയസുള്ള പുരുഷനാണ്. 22 മാസം പ്രായമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിയുമാണ് സിക്ക വൈറസ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേർ. ഇതോടെ സംസ്ഥാനത്ത് സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 18 ആയി. അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവായി. മൂന്നാം ഘട്ടമായി എട്ട് സാമ്പിളുകളാണ് അയച്ചത്. അതിലാണ് മൂന്ന് എണ്ണം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.

സിക്ക ആദ്യം സ്ഥിരീകരിച്ച കിംസ്  ആശുപത്രിയിൽ ചികിത്സക്കെത്തിയ  രണ്ട് രോഗികളിലും ആശുപത്രിയിലെത്തന്നെ ജീവനക്കാരിയിലുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  രണ്ട് ദിവസം മുൻപ്  കിംസ്  തന്നെ കോയമ്പത്തൂരിലെ ലാബിലയച്ച സാംപിളുകളാണ് ഇവ.  ആരുടെയും നില ഗുരുതരമല്ല.  ആരും ചികിത്സയിലുമില്ല എന്നാണ് കിംസ് അറിയിക്കുന്നത്. രോഗം സംശയിച്ച്  ചികിത്സ തേടിയവർ ഒപിയിലെ രോഗികളാണ്.  ഇവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചാലാണ് വ്യാപനത്തിന്റെ തീവ്രത മനസിലാവുക.

രണ്ടാംഘട്ടത്തിൽ രോഗം സംശയിക്കുന്നവരുടേതായി അയച്ച 27ൽ 26 ഉം നെഗറ്റീവായതാണ് ആശ്വാസം. സിക്ക പ്രതിരോധത്തിൽ കേരളം സ്വീകരിച്ചിരിക്കുന്ന നടപടികളിൽ കേന്ദ്ര പ്രതിനിധികൾ ചർച്ച തുടരുകയാണ്. നാളെ സംഘം രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ സന്ദർശനം നടത്തും.  രോഗം സംശയിക്കുന്നവരിൽ പരിശോധന നടത്താനുള്ള 2100 കിറ്റുകളെത്തിയതോടെ പരിശോധന വേഗത്തിലാകും. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലേക്കും ആലപ്പുഴ എൻഐവിയിലേക്കുമാണ് കിറ്റുകളെത്തിയത്. 27 ലാബുകളിൽക്കൂടി പരിശോധനയ്ക്ക് സംവിധാനമുണ്ട്.