സംസ്ഥാനത്ത് സിക്ക വൈറസ് ബാധയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും; രോഗവ്യാപനത്തിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് സിക്ക വൈറസ് ബാധയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും; രോഗവ്യാപനത്തിന് സാധ്യത; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി

July 15, 2021 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് ബാധയ്ക്ക് പിന്നാലെ ഡെങ്കിപ്പനി വ്യാപനത്തിനും സാധ്യത. സിക്ക വൈറസിന് പുറമേ ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനമായി.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സിക്ക വൈറസ് പ്രതിരോധത്തിന് തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനത്ത് എല്ലായിടത്തും ജാഗ്രത പാലിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി.കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഡെങ്കിപ്പനി കേസുകള്‍ കുറവാണ്. എന്നാല്‍ വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കൊതുക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. സിക വൈറസ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഒന്നടങ്കം ഫോഗിങ് നടത്തുമെന്നും സിക വൈറസ് അവലോകന യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.