മാലിക്,ഒരു ദൃശ്യാനുഭവമാണ്. ഒരു ജീവിതമാണ്. ഒരു സിനിമയാണ്; മാലിക് ഉയര്‍ത്തുന്ന രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകന്‍ എം എ നിഷാദ്

July 18, 2021 0 By Editor

മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സംവിധായകന്‍ എം എ നിഷാദ്. സിനിമ ഉയര്‍ത്തുന്ന രാഷ്ട്രീയം കാലാതീതമായി നിലകൊളളുമെന്നും അതിന് രണ്ട് പക്ഷമുണ്ടെന്നും സംവിധായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. വര്‍ത്തമാനകാലത്തില്‍ സിനിമയുടെ രാഷ്ട്രീയത്തിന്റെ പ്രസക്തി തീരുമാനിക്കേണ്ടത് പ്രേക്ഷകരാണെന്നും നിഷാദ് വ്യക്തമാക്കുന്നു. ചിത്രത്തിലെ ഫഹദിന്റെയും നിമിഷയുടെയും അഭിനയത്തേയും സംവിധായകന്‍ പുകഴ്ത്തുന്നുണ്ട്.

ഫഹദ് മത്സരിക്കുന്നത് ഫഹദിനോട് തന്നെയാണെന്നും ഓരോ സിനിമയിലേയും ഫഹദിന്റെ പ്രകടനം ഒന്നിനൊന്ന് മെച്ചമാണെന്നും വ്യക്തമാക്കിയ നിഷാദ് ഫഹദിനെ അഭിനയത്തിലെ ജിന്ന് എന്നാണു വിശേഷിപ്പിക്കുന്നത്. ‘മാലിക്ക്’ ഒരനുഭവമാണ് എന്ന് പറയുന്ന സംവിധായകന്‍ നിമിഷ സജയനെ നടി ഉര്‍വശിയോടാണ് താരതമ്യം ചെയ്യുന്നത്. മലയാളം കണ്ട മികച്ച നടി ഉര്‍വ്വശിയാണ്, ഉര്‍വ്വശിക്കൊരു പിന്ഗാമി ഉണ്ടെങ്കില്‍ അത് നിമിഷ സജയനാണെന്ന് പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യമില്ലെന്ന് എം എ നിഷാദ് കുറിച്ചു.