'മാലിക്കി'ലെ ആ മധുരശബ്ദത്തിന് പിന്നിലെ നാലാം ക്ലാസുകാരി ; ഇവിടെ മലപ്പുറത്തുണ്ട്

EK NEWS Manjeri | മലപ്പുറം ചോക്കാടു സ്വദേശിയായ സക്കീർ-റുക്സാന ദമ്പതികളുടെ മകളാണ് ഹിദ, പെട്ടെന്നൊരു ദിവസം താരമായി മാറിയതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് ഹിദ. ഈ കൊച്ചുമിടുക്കി…

EK NEWS Manjeri | മലപ്പുറം ചോക്കാടു സ്വദേശിയായ സക്കീർ-റുക്സാന ദമ്പതികളുടെ മകളാണ് ഹിദ, പെട്ടെന്നൊരു ദിവസം താരമായി മാറിയതിന്റെ സന്തോഷത്തിലും അത്ഭുതത്തിലുമാണ് ഹിദ. ഈ കൊച്ചുമിടുക്കി എങ്ങനെയാണ് താരമായതെന്നല്ലേ? ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയായ മാലിക്കിൽ ഹിദയുടെ ഒരു പാട്ടുണ്ട്. സിനിമയുടെ ഒടുവിലുള്ള സൂഫി വരികൾക്ക് പിന്നിലെ മനോഹര ശബ്ദം ഹിദയാണ്. സിനിമയെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നതിനിടെ ഹിദയുടെ ആലാപനവും ശ്രദ്ധനേടുകയാണ്. www.eveningkerala.com മകളുടെ പാട്ട് ബിഗ്സ്ക്രീനിൽ കേട്ടതിന്റെ സന്തോഷത്തിലാണ് ഈ മാതാപിതാക്കളും. മാസങ്ങൾക്ക് മുമ്പ് താൻ പാടിയ ആ നാലുവരികൾ മാലിക്കിലേക്ക് വേണ്ടിയാണെന്നോ ഇത്രയും ശ്രദ്ധനേടുമെന്നോ ഹിദയും വീട്ടുകാരും സ്വപ്നത്തിൽ പോലും ചിന്തിച്ചിരുന്നില്ല.

"എനിക്ക് രണ്ട് സഹോദരിമാരാണ്. അവരും പാട്ടുപാടും. റിഫ (മൂത്ത സഹോദരി) താത്തയ്ക്കൊപ്പം പാട്ട് ചിട്ടപ്പെടുത്താനായി സംഗീത സംവിധായകൻ ഹനീഫ മുടിക്കോടിനടുത്തേക്ക് പോയതായിരുന്നു ഞാൻ. അന്ന് സിനിമയിലേക്ക് വേണ്ടിയാണെന്ന് പറഞ്ഞ് എന്നെ കൊണ്ടും അവർ പാടിപ്പിച്ചു. പടത്തിന്റെ പേരൊന്നും പറഞ്ഞിട്ടില്ലായിരുന്നു. സിനിമ ഇറങ്ങിയ ശേഷമാണ് മാലിക്കിന് വേണ്ടിയാണെന്ന് അറിയുന്നത്. ക്ലൈമാക്സ് ഭാഗത്താണ് എന്റെ പാട്ടുള്ളത്. കണ്ടപ്പോ ഭയങ്കര സന്തോഷമായി. സിനിമ കണ്ട് കരഞ്ഞുപോയി. ഞാൻ പാട്ട് പഠിച്ചിട്ടൊന്നും ഇല്ല. റിഫ താത്ത ചെറിയ രീതിയിൽ കർണ്ണാട്ടിക് പഠിച്ചിട്ടുണ്ട്. ചെറിയ രീതിയിൽ താത്ത എനിക്ക് പറഞ്ഞുതരും. സ്കൂൾ കലോത്സവത്തിനൊക്കെ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. വലിയൊരു പാട്ടുകാരി ആകണമെന്നാണ് ആഗ്രഹം." ചെറുപുഞ്ചിരിയോടെ ഹിദ പറയുന്നു.

ഇതാദ്യമായല്ല കുഞ്ഞു ഹിദ സിനിമയ്ക്ക് വേണ്ടി പാടുന്നത്. ജയസൂര്യയും നമിത പ്രമോദും അഭിനയിക്കുന്ന നാദിർഷ ചിത്രത്തിന് വേണ്ടി പാടിയിട്ടുണ്ട്. അമൃത ടിവിയിലെ റെഡ് കാർപ്പറ്റ് എന്ന ഷോയിലൂടെയാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഓണം റിലീസ് ആയി ചിത്രം എത്തുമെന്നാണ് അറിഞ്ഞത്. ഇനിയും സിനിമകളിൽ അവസരം വന്നാൽ പാടാൻ റെഡിയാണെന്ന് ഹിദ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story