അക്ഷര മുത്തശ്ശി ഭാഗീരഥിയമ്മ വിട വാങ്ങി

അക്ഷര മുത്തശ്ശി ഭാഗീരഥിയമ്മ വിട വാങ്ങി

July 23, 2021 0 By Editor

കൊല്ലം പ്രാക്കുളം സ്വദേശിനി ഭാഗീരഥിയമ്മ അന്തരിച്ചു. 106ാം വയസിലാണ് നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു മരണം. നിരവധി നാളായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.

പ്രായത്തെ വെറും സംഖ്യമാത്രമാക്കിയുള്ള ഭാഗീരഥിയമ്മയുടെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ റേഡിയോ പുരസ്‌കാരത്തിലൂടെ പരാമര്‍ശിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നാരീശക്തി പുരസ്‌കാര ജേതാവാണ്. 62ാമത് മന്‍ കീ ബാത്ത് പരിപാടിയിലാണ് ഭാഗീരഥിയമ്മയെ പ്രധാനമന്ത്രി പരാമര്‍ശിച്ചത്. പരീക്ഷയിലെ വിജയശതമാനവും മോദി എടുത്തുപറഞ്ഞു. ഭാഗീരഥിയമ്മ രാജ്യത്തിന് പ്രചോദനമാണെന്നും പ്രത്യേക സല്യൂട്ടെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.ശേഷം നിരവധി പുരസ്‌കാരങ്ങള്‍ മുത്തശ്ശിയെ തേടിയെത്തി. നാലാം ക്ലാസ് തുല്യത പരീക്ഷയാണ് ഭാഗീരഥിയമ്മ പാസായത്. പഠിക്കാനും അറിവ് നേടാനും വളരെയധികം താത്പര്യമുണ്ടായിരുന്നു മുത്തശ്ശിക്ക്.

ചെറുപ്പ കാലത്തെ ബുദ്ധിമുട്ടുകള്‍ കാരണം പഠിക്കാന്‍ ഇവര്‍ക്കായിരുന്നില്ല. ചെറുപ്പത്തിലേ അമ്മ മരിച്ച ശേഷം ഇളയ കുട്ടികളെ പരിപാലിച്ചത് ഭാഗീരഥിയമ്മയായിരുന്നു. അതിനാല്‍ തന്റെ പഠിക്കണമെന്ന ആഗ്രഹം ഭാഗീരഥിയമ്മ നീട്ടിവച്ചു.106ാം വയസില്‍ നല്ല മാര്‍ക്കോടെയാണ് ഭാഗീരഥിയമ്മ നാലാം ക്ലാസ് പാസായത്. 275ല്‍ 205 മാര്‍ക്കോടെയായിരുന്നു മുത്തശ്ശിയുടെ വിജയം. ഭാഗീരഥിയമ്മയുടെ വിജയം പ്രായഭേദമന്യേ എല്ലാവര്‍ക്കും പ്രചോദനമായി.