ഗർഭിണികൾക്ക് കോവിഡ് വാക്സിൻ എടുക്കുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഗർഭിണികൾക്ക് കോവിഡ് വാക്സിൻ എടുക്കുന്നതിൽ തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുവരെ സംസ്ഥാനത്ത് 40,000 ത്തോളം ഗർഭിണികൾ വാക്സീനെടുത്തുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചിലർ വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ട്. ഇവർ സ്വന്തം സുരക്ഷയും കുഞ്ഞിന്റെ സുരക്ഷയും കണക്കിലെടുത്ത് വാക്സിനെടുക്കണം. കോവിഡ് ബാധിച്ചാൽ ഏറ്റവുമധികം ഗുരുതരമാകാൻ സാധ്യതയുള്ളവരാണ് ഗർഭിണികൾ. സംസ്ഥാനത്ത് കോവിഡ് ബാധിച്ച നിരവധി ഗർഭിണികൾ ഗുരുതരാവസ്ഥയിലായി, അപൂർവം പേർ മരിച്ചു.പലതരം പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ തീരുമാനം എടുത്തത്. അതുകൊണ്ട് ആശങ്ക കൂടാതെ ഗർഭിണികൾ വാക്സിൻ എടുക്കണം. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ നൽകാൻ കേന്ദ്രം നേരത്തെ അനുമതി നൽകിയിരുന്നു.ഗർഭാവസ്ഥയിലെ അവസാന മാസങ്ങളിൽ ഒന്നാം ഡോസ് വാക്സിനെടുത്താലും മുലയൂട്ടുന്ന സമയത്ത് രണ്ടാം ഡോസ് വാക്സിൻ എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.