കാബൂളിന് തൊട്ടരികെ താലിബാൻ; നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കുന്നു

കാബൂളിന് തൊട്ടരികെ താലിബാൻ; നയതന്ത്ര പ്രതിനിധികളെ തിരിച്ചു വിളിക്കുന്നു

August 14, 2021 0 By Editor

കാബൂൾ: ഒടുവിൽ താലിബാന് മുന്നിൽ വീഴാനൊരുങ്ങി കാബൂളും. കാബൂളിന് തൊട്ടരികെയുള്ള പ്രവിശ്യയിൽ കനത്ത പോരാട്ടം നടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കാബൂളിന്‍റെ വടക്കൻ മേഖലയിലുള്ള മസർ-എ-ഷെരീഫിലാണ് ശക്തമായ പോരാട്ടം നടക്കുന്നത്. ഇത് താലിബാൻ വിരുദ്ധപക്ഷത്തിന്‍റെ ശക്തികേന്ദ്രമായിരുന്നു.

അഫ്ഗാനിസ്ഥാനിലെ 34 പ്രവിശ്യകളിൽ 18 എണ്ണവും നിലവിൽ താലിബാന്‍റെ അധീനതയിലാണ്. അമേരിക്ക അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾ അതിവേഗം സ്വന്തം പൗരൻമാരെ അവിടെ നിന്ന് ഒഴിപ്പിക്കുകയാണ്. രാജ്യത്തെ പല എംബസികളും അതിവേഗം അടയ്ക്കുകയും ചെയ്യുന്നു. സ്ഥിതി അതീവഗുരുതരമാണെന്നും അയൽരാജ്യങ്ങളോട് അതി‍ർത്തി തുറക്കണമെന്നും ഐക്യരാഷ്ട്രസഭ അഭ്യർത്ഥിക്കുന്നു.

താലിബാൻ എത്തി ക്യാമ്പുകളുറപ്പിച്ച കാബൂളിന്‍റെ അതിർത്തി മേഖലകളിൽ നിലവിൽ യുഎസ് സേന ആക്രമണം നടത്തുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. കാബൂളിന് വെറും 40 കിമീ അകലെയുള്ള മൈദാൻ ഷറിലും കടുത്ത പോരാട്ടമാണ് നടക്കുന്നത്. അടുത്ത 30 ദിവസത്തിനുള്ളിൽ താലിബാൻ കാബൂളിനകത്തേക്ക് കടന്ന്, അധികാരമുറപ്പിച്ചേക്കുമെന്നാണ് യുഎസ് ഇന്‍റലിജൻസിന്‍റെ വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായാണ് പൗരൻമാരെ അവർ അതിവേഗം ഒഴിപ്പിക്കുന്നത്.

സ്ഥിതി ഗുരുതരമായി, കാബൂളും താലിബാന് അടിയറ പറയേണ്ടി വരുമെന്ന സ്ഥിതി വന്നതോടെ ആദ്യമായി അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഗനി മൗനം വെടിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലെത്തി. റെക്കോഡ് ചെയ്ത ഒരു പ്രസ്താവനയിൽ അഫ്ഗാൻ സേനയെ ഒന്നിച്ചുനിർത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും പ്രാദേശിക നേതാക്കളുമായി ചർച്ചകൾ നടത്തി വരികയാണെന്നും അഷ്റഫ് ഗനി പറഞ്ഞു. ഇത്ര കാലമായിട്ടും, പകുതിയിലധികം പ്രവിശ്യാതലസ്ഥാനങ്ങൾ താലിബാൻ പിടിച്ചിട്ടും ഗനി ഭരണകൂടം ഒരക്ഷരം മിണ്ടിയിട്ടില്ല. ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രസ്താവന മാത്രമാണ് ഗനി നടത്തുന്നതെന്നതിൽ അഫ്ഗാൻ ജനങ്ങളിൽത്തന്നെ നിരാശ പ്രകടമാണ്.