സംസ്ഥാനത്ത് സിക്ക വൈറസ് ബാധ നിയന്ത്രണ വിധേയം: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമായെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരാഴ്ചയിലേറെയായി പുതിയ കേസുകളൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ഇതുവരെ 66 സിക്ക വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 62 കേസുകളും തിരുവനന്തപുരത്തായിരുന്നു. എറണാകുളത്ത് രണ്ട് കേസും കൊല്ലം, കോട്ടയം ജില്ലകളിൽ ഒരു കേസുമാണ് റിപ്പോർട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ല. ഒരാൾക്ക് പോലും ഗുരുതരമായി സിക്ക വൈറസ് ബാധിച്ചില്ല. ഇവരെല്ലാം തന്നെ തിരുവനന്തപുരവുമായി ബന്ധമുള്ളവരായിരുന്നു. മറ്റ് ജില്ലകളിലേക്ക് വ്യാപിക്കാതെ സിക്കയെ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. ഇതോടൊപ്പം ഊർജിത കൊതുകുനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും കുറയ്ക്കാനും സാധിച്ചെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ ശക്തമായ ഇടപെടലുകളാണ് സിക്കയെ ഇത്രവേഗം പ്രതിരോധിക്കാനായത്. തദ്ദേശ സ്വയംഭരണ വകുപ്പും റവന്യൂ വകുപ്പും വലിയ പ്രവർത്തനങ്ങളാണ് നടത്തിയത് എന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് കൃത്യമായ ലക്ഷ്യത്തോടെയാണ് പ്രവർത്തിച്ചത്. സിക്ക വൈറസ് മറ്റുള്ളവരിലേക്ക് പകരാതിരിക്കാൻ സർവയലൻസിന്റെ ഭാഗമായി 9,18,753 പേരെയാണ് സ്‌ക്രീൻ ചെയ്തത്. പനി, ചുവന്ന പാടുകൾ, ശരീര വേദന തുടങ്ങിയ രോഗലക്ഷണമുള്ള 1569 പേരെ ഭവന സന്ദർശനം നടത്തി കണ്ടെത്തി. അതിൽ രോഗം സംശയിച്ച 632 പേരുടെ സാമ്പിളുകൾ പരിശോധിച്ചു. 66 പേരിലാണ് രോഗം കണ്ടെത്തിയതെന്നും മന്ത്രി വ്യക്തമാക്കി.