കര്‍ഷക സമരം ശക്തമാകുന്നു: ജൂണ്‍ പത്തിന് ഭാരത ബന്ദ്

കര്‍ഷക സമരം ശക്തമാകുന്നു: ജൂണ്‍ പത്തിന് ഭാരത ബന്ദ്

June 3, 2018 0 By Editor

ന്യൂഡല്‍ഹി: 104 കര്‍ഷക സംഘടനകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത സമരം രണ്ടാം ദിവസത്തിലേക്ക് കടന്നേതാടെ പാല്‍, പഴം, പച്ചക്കറി വിതരണം തടസ്സപ്പെട്ട് ചന്തകള്‍ അടച്ചു തുടങ്ങി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണമെന്നും സ്വാമിനാഥന്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ‘രാഷ്ട്രീയ കിസാന്‍ മഹാസംഘ്’ ആണ് 10 ദിവസത്തെ സമരത്തിന് ആഹ്വാനം ചെയ്തത്. ജൂണ്‍ പത്തിന് ഭാരത ബന്ദിനും കര്‍ഷകര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സമരം ശക്തിപ്പെട്ടതോടെ ഡല്‍ഹി അടക്കമുള്ള നഗരങ്ങളില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും വില കുതിച്ചുയര്‍ന്നു തുടങ്ങി. എന്നാല്‍, സമരക്കാരുമായി ചര്‍ച്ച നടത്തുന്നതിന് പകരം എതിര്‍പ്രചാരണവുമായി അതിനെ നേരിടാനാണ് കേന്ദ്ര സര്‍ക്കാറിന്റെ ശ്രമം.

രാഹുല്‍ ഗാന്ധി, കമല്‍നാഥ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് സ്‌പോണ്‍സര്‍ ചെയ്യുന്ന സമരമാണെന്ന ആരോപണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് രംഗത്തുവന്നു.വെള്ളിയാഴ്ച മുതല്‍ പാലും പച്ചക്കറിയും നഗരങ്ങളിലേക്കെത്തുന്നത് പൂര്‍ണമായും അവസാനിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മഹാസംഘ് കോഓഡിനേറ്റര്‍ സന്ദീപ് ഗിഡ്ഡെ പറഞ്ഞു.

മധ്യപ്രദേശില്‍ മാത്രം 982 പ്രതിഷേധ യോഗങ്ങള്‍ നടന്നതായി മഹാസംഘ് കോഓഡിനേറ്റര്‍ അറിയിച്ചു.10 ലക്ഷത്തോളം കര്‍ഷകര്‍ അംഗങ്ങളായുള്ള ‘കക്കാജി’ എന്നറിയപ്പെടുന്ന ശിവകുമാര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള ഭാരതീയ കിസാന്‍ മസ്ദൂര്‍ സംഘ് ആണ് സമരരംഗത്തുള്ള സംഘടനകളില്‍ ഏറ്റവും ശക്തമായത്. ഭരതീയ കിസാന്‍ യൂനിയന്റെ പഞ്ചാബ്, ഹരിയാന ഘടകങ്ങളും സമരത്തിനൊപ്പമുണ്ട്. കര്‍ഷക മുന്നേറ്റം, ദേശീയ കര്‍ഷക സമാജം, മലനാട് കര്‍ഷക രക്ഷാസമിതി, കര്‍ഷക സേന എന്നിങ്ങനെ നാല് കര്‍ഷക സംഘടനകളാണ് കേരളത്തില്‍നിന്ന് ഇതുവരെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.