പാരാലിംപിക്സില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഇന്ത്യ

August 20, 2021 0 By Editor

ന്യൂഡല്‍ഹി: ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം രാജ്യം ഇത്തവണത്തെ പാരാലിംപിക്സില്‍ നടത്തുമെന്നും അഞ്ച് സ്വര്‍ണമടക്കം 15 മെഡലുകളെങ്കിലും നേടുമെന്ന് ടോക്കിയോ പാരാലിംപിക്സിനായുള്ള ഇന്ത്യയുടെ ഷെഫ് ഡി മിഷൻ, ഗുർശരൻ സിങ് പറഞ്ഞു.

ഒന്‍പത് കായിക ഇനങ്ങളിലായി 54 താരങ്ങളാണ് ടോക്കിയോയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. അമ്പെയ്ത്ത്, അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, കനോയിങ്, ഷൂട്ടിങ്, നീന്തല്‍, പവർലിഫ്റ്റിങ്, ടേബിള്‍ ടെന്നിസ്, തായ്‌ക്വോണ്ടോ എന്നിവയാണ് ഇനങ്ങള്‍. അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ഷൂട്ടിങ്, അമ്പെയ്ത്ത് ഇനങ്ങളിലാണ് മെഡല്‍ പ്രതീക്ഷ.“ഇത് ഏറ്റവും മികച്ച പാരാലിംപിക്സ് ആയിരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നമ്മുടെ താരങ്ങല്‍ രാജ്യാന്തര വേദികളില്‍ മികവ് പുലര്‍ത്തുന്നുണ്ട്. ഗെയിമുകളില്‍ പങ്കെടുക്കാനായി അവര്‍ കാത്തിരിക്കുകയാണ്,” ഇന്ത്യയുടെ പാരാലിംപിക് കമ്മിറ്റിയുടെ സെക്രട്ടറി കൂടിയായ ഗുര്‍ശരന്‍ സിങ് പറഞ്ഞു.

11 പാരാലിംപിക്സിലായി ഇന്ത്യയ്ക്ക് 12 മെഡലുകളാണ് ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടുള്ളത്. ഇതില്‍ നാല് സ്വര്‍ണവും ഉള്‍പ്പെടുന്നു. ടോക്കിയോയില്‍ ഇന്ത്യയുടെ പതാക വഹിക്കുന്നത് ടി.മാരിയപ്പനാണ്. ഹൈ ജമ്പില്‍ തന്റെ രണ്ടാം സ്വര്‍ണം ലക്ഷ്യമിട്ടാണ് മാരിയപ്പന്‍ ട്രാക്കിലിറങ്ങുക.

മാരിയപ്പന് പുറമെ ജാവലിന്‍ ത്രോയില്‍ പാരാലിംപിക്സ് ചാമ്പ്യന്‍ ദേവേന്ദ്ര ജജാരിയ, ലോക ചാമ്പ്യന്‍ സുന്ദർ സിംഗ് ഗുർജാർ, സന്ദീപ് ചൗദരി, നവദീപ് സിങ്ങ് എന്നിവര്‍ മികവ് തുടരുമെന്നാണ് ഇന്ത്യന്‍ സംഘത്തിന്റെ പ്രതീക്ഷ.

ബാഡ്മിന്റണില്‍ ലോക ഒന്നാം നമ്പര്‍ പ്രമോദ് ഭഗതിലൂടെ വീണ്ടുമൊരു സ്വര്‍ണം രാജ്യത്തിന് നേടാനായേക്കും. ലോക രണ്ടാം നമ്പര്‍ കൃഷ്ണ നഗർ, തരുൺ ദില്ലൻ എന്നിവരും മികച്ച പ്രകടനം നടത്താനുള്ള സാധ്യതയുണ്ട്.