ഒളിംപ്യന്‍ ഒ. ചന്ദ്രശേഖരന്‍ അന്തരിച്ചു

August 24, 2021 0 By Editor

മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഒളിംപ്യന്‍ ഒ. ചന്ദ്രശേഖരന്‍ അന്തരിച്ചു. 1960ലെ റോം ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ വസതിയിലായിരുന്നു അന്ത്യം. റോം ഒളിംപിക്‌സില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തില്‍ ജീവിച്ചിരിപ്പുള്ള അവസാനത്തെയാളായിരുന്നു ചന്ദ്രശേഖരന്‍.

1962ല്‍ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ സ്വര്‍ണം നേടിയ ടീമിലും അംഗമായിരുന്നു ചന്ദ്രശേഖരന്‍. മുംബൈ കാള്‍ട്ടക്‌സിനും എസ്ബിടിക്കും വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 1964ല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ മഹാരാഷ്ട്ര ടീമിന്റെ നായകനുമായിരുന്നു. ഒളിംപിക്‌സിനും സന്തോഷ് ട്രോഫിക്കും പുറമെ ഏഷ്യാ കപ്പ്, ഡ്യൂറന്‍ഡ് കപ്പ്, സേഠ് നാഗ്ജി തുടങ്ങിയ ടൂര്‍ണമെന്റുകളിലും നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

ഇരിഞ്ഞാലക്കുടയിലാണ് ജനനം. തൃശൂരിലെ സെന്റ് തോമസ് സ്‌കൂളിലും എറണാകുളം മഹാരാജാസ് കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അസിസ്റ്റന്റ് മാനേജറായി വിരമിച്ചു.