കാബൂള്‍ വിമാനത്താവളത്തിന് പുറത്തെ ബോംബ് സ്‌ഫോടനത്തില്‍ കുട്ടികള്‍ അടക്കം 13 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നില്‍ ഐഎസ് ഭീകരരെന്ന് സംശയം
കാബൂള്‍: കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ബോംബ് സ്‌ഫോടനം. രാജ്യം വിടാന്‍ ആയിരങ്ങള്‍ തടിച്ചുകൂടിയ ഇടത്താണ് സ്‌ഫോടനം. ആബേ ഗേറ്റിന് അടുത്തുണ്ടായ സ്‌ഫോടനത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 13 പേര്‍ കൊല്ലപ്പെട്ടതായി ഒരു താലിബാന്‍ സംഘാംഗം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടു പ്രതികരിച്ചു.
നിരവധി താലിബാന്‍ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. വിമാനത്താവളത്തിന് പുറത്ത് വന്‍സ്ഫോടനം നടന്നതായി യു.എസ്. സൈന്യം സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി ട്വീറ്റും ചെയ്തിട്ടുണ്ട്. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ കഴിഞ്ഞ 12 ദിവസമായി ആയിരക്കണക്കിന് ആളുകള്‍ കൂട്ടംചേര്‍ന്നുനിന്നയിടമാണ് അബ്ബേ ഗേറ്റ്.
കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും ആളുകളെ അകറ്റാന്‍ നേരത്തെ യുഎസ് സൈനികര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 31 ന് ഒഴിപ്പിക്കല്‍ സമയപരിധി തീരാനിരിക്കെ, ഐഎസ് ഭീകരരുടെ ആക്രമണഭീഷണി നിലനില്‍ക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതൊരു ചാവേറാക്രമണമെന്ന് സൂചനയുണ്ട്.
എത്രപേര്‍ക്ക് ആളപായം സംഭവിച്ചു എന്ന കാര്യം വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി അറിയിച്ചു. ചാവേര്‍ സ്ഫോടനമെന്നാണ് സൂചന. ബ്രിട്ടീഷ് സൈന്യം നിലയുറപ്പിച്ച വിമാനത്താവളത്തിന്റെ ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. വിമാനത്താവളം ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്കയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും രഹസ്യവിവരം ലഭിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പരിക്കേറ്റവരില്‍ യുഎസ് സേനാംഗങ്ങള്‍ ഉള്ളതായായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മൂന്നുസൈനികര്‍ക്കെങ്കിലും പരിക്കേറ്റിട്ടുണ്ട്.ഇതുവരെ 90000 അഫ്ഗാന്‍ പൗരന്മാരും വിദേശികളും രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് 15നാണ് താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തത്.