
ഗുജറാത്തില്‍ വിപ്ലവം സൃഷ്ടിച്ച് ദലിതരുടെ പേരിനൊപ്പം സിന്‍ഹ
June 3, 2018അഹമ്മദാബാദ്: ദലിത് യുവാക്കള്‍ പേരിനൊപ്പം ഉന്നത ജാതിപ്പേരായ സിന്‍ഹ് എന്ന് ചേര്‍ക്കണമെന്ന് ഗുജറാത്തില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചാരണം. ദലിതുകളുെട അഭിമാനം ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള പോരാട്ടമാണിതെന്നും സമൂഹ മാധ്യമ സന്ദേശങ്ങള്‍ വ്യക്തമാക്കുന്നു.
മെയ് 10ന്‍ മൗലിക് ജാവേദ് എന്ന 22കാരന്‍ ഫേസ്ബുക്ക് പ്രൊഫൈലില്‍ സിന്‍ഹ് എന്ന ചേര്‍ത്തതോടെയാണ് പ്രചാരണങ്ങള്‍ക്ക് തുടക്കമായത്. തന്റെ ആത്മാഭിമാനം ഉയര്‍ത്തുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നും മൗലിക് പറഞ്ഞു. എന്നാല്‍ ഈ നടപടി രജ്പുത് വിഭാഗങ്ങളുടെ രോഷത്തിനിടവെച്ചു. തുടര്‍ന്ന്് ഇരു സമുദായങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗുജറാത്തിയില്‍ സിംഹം എന്നര്‍ഥം വരുന്നതാണ് സിന്‍ഹ് എന്ന വാക്ക്. പേരില്‍ നിന്ന് ഈ വാക്ക് നീക്കം ചെയ്യണമെന്നായിരുന്നു ഉന്നത ജാതിക്കാര്‍ മൗലിക് ജാവേദിനോട് ആവശ്യപ്പെട്ടത്. അതോടെ ദലിതുകള്‍ പേരിനൊപ്പം സിന്‍ഹ് എന്ന് ഉപയോഗിക്കാനാവശ്യപ്പെട്ട് ജാവേദിന്റെ സുഹൃത്തുക്കള്‍ പ്രചാരണം നടത്തുകയായിരുന്നു. ഇതനുസരിച്ച് പലരും പേരിനൊപ്പം സിന്‍ഹ് എന്ന് ചേര്‍ത്ത് ഫേസ്ബുക്ക് പ്രൊഫൈലിലടക്കം മാറ്റം വരുത്തി. 15 കാരനായ രാഹുല്‍ ജാവേദ് തന്റെ പേര് രാഹുല്‍ സിന്‍ഹ് ജാവേദ് എന്നാക്കിയെന്ന് പ്രഖ്യാപിച്ചതോടെയാണ് പലരും ഈ വഴിയിലേക്ക് തിരിഞ്ഞത്.
എന്നാല്‍ ദലിതരുടെ പുതിയ പോരാട്ടം രജ്പുത് വിഭാഗത്തിനിടയില്‍ വന്‍ പ്രതിഷേധത്തിനാണ് ഇടവെച്ചത്. പലന്‍പുരില്‍ 23കാരന്‍ പേരിനൊപ്പം സിന്‍ഹ് ചേര്‍ക്കുന്നത് ചടങ്ങായി ആഘോഷിച്ചതില്‍ ക്ഷുഭിതരായ ഉന്നതകുലജാതര്‍ യുവാവിന്റെ മീശയും താടിയും വടിപ്പിച്ചു. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പേര്‍ അവനവെന്റ ഇഷ്ടമാണെന്നും ദലിതനാണെന്നതിനാല്‍ ആര്‍ക്കും അത് തടയാന്‍ അവകാശമില്ലെന്നും ദലിത് സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.