വവ്വാലുകളുമായുള്ള സാബിത്തിന്റെ നേരിട്ടുള്ള സമ്പര്‍ക്കമാകാം നിപ വൈറസ് പടരാന്‍ കാരണം: അന്വേഷണ സംഘം

June 3, 2018 0 By Editor

കോഴിക്കോട്: നിപ്പാ വൈറസ് പരത്തുന്നത് പഴം തീനി വവ്വാലുകള്‍ അല്ലെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിപ്പാ ബാധിച്ച് ആദ്യം മരിച്ച സാബിത്തിന് രോഗം പകര്‍ന്നത് വവ്വാലില്‍ നിന്ന് തന്നെയാകാമെന്ന് ആരോഗ്യ വിദഗ്ദര്‍. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസമാണ് നിപ്പ വൈറസ് പരത്തുന്നത് പഴംതീനി വവ്വാലല്ലെന്ന് പരിശോധന ഫലം ഭോപ്പാലിലെ ലാബില്‍ നിന്ന് ലഭിച്ചത്.

ചങ്ങരോത്തിന് അടുത്തുള്ള ജാനകിക്കാട്ടില്‍ നിന്നും പിടിച്ച പഴം തീനി വവ്വാലുകളുടെ 13 സാമ്പിളുകളായിരുന്നു പരിശോധനയ്ക്കായി അയച്ചത്. നേരത്തെ പ്രാണിതീനി വവ്വാലുകളെയും പരിശോധനയ്ക്ക് അയച്ചിരുന്നു. ആ ഫലം നെഗറ്റീവ് ആയിരുന്നു. രോഗബാധയുണ്ടായ പ്രദേശത്തെ കിണറ്റില്‍ നിന്നുമായിരുന്നു പ്രാണിതീനി വവ്വാലുകളെ പിടിച്ചത്.

പഴം തീനി വവ്വാലുകളില്‍ നിന്നല്ല വൈറസ് ബാധിച്ചത് എന്ന് വ്യക്തമാണെങ്കിലും ആദ്യം നിപ്പാ ബാധിച്ച് മരിച്ച സാബിത്തിന് വവ്വാലുകളുമായി  എന്നാണ് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ ജി അരുണ്‍ പറയുന്നത്. സാബിത്ത് വവ്വാലുകളുടെ കുഞ്ഞിനെ കൈകൊണ്ട് എടുത്തിരിക്കാം എന്നും ഇതാകാം വൈറസ് പകരാന്‍ കാരണമായതെന്നും ഡോ അരുണ്‍ വ്യക്തമാക്കി.

അതേസമയം വലിയ സ്രവങ്ങളിലൂടെ മാത്രമേ നിപ്പാ വൈറസ് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുകയുള്ളൂ. നിപ്പാ ബാധിച്ചവര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ മാത്രമേ വലിയ സ്രവങ്ങള്‍ തെറിക്കുള്ളൂ. ഇത് ഒരുമീറ്ററിലധികം പോകില്ല. അതുകൊണ്ട് തന്നെ രോഗം ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്ക് മാത്രമേ രോഗം പകരുകയുള്ളൂ.

നിപ്പാ ബാധിച്ച് മരിച്ച 18 പേരില്‍ 16 പേര്‍ക്കും സാബിത്തില്‍ നിന്നാകാം നിപ്പ പകര്‍ന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. രോഗി സ്ഥിരീകരിക്കുന്നതിന് മുന്‍പ് തന്നെ മറ്റുള്ളവര്‍ക്ക് പകര്‍ന്നിട്ടുണ്ടാകും. സാബിത്തിന് പേരാമ്പ്രയിലെ ആസ്പത്രിയില്‍ വെച്ചാണ് രോഗഹം മൂര്‍ച്ഛിച്ചത്. ഇവിടെ നിന്നാണ് നഴ്‌സ് ലിനിയ്ക്കും സാബിത്തിനുമെല്ലാം രോഗം പകര്‍ന്നിരിക്കുക. അതേസമയം ഇസ്മയിലുമായി ഇടപെട്ടവര്‍ക്ക് ഇപ്പോള്‍ വൈറസ് പകരാന്‍ സമയമായെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ഒരാള്‍ക്ക് മാത്രമേ രണ്ടാം ഘട്ടത്തില്‍ രോഗം പകര്‍ന്നിട്ടൂള്ളൂവെന്നും അതേസമയം കൂടുതല്‍പേര്‍ നിരീക്ഷണത്തിലാണ്. എന്നാല്‍ മൂന്നാം ഘട്ട രോഗബാധയ്ക് സാധ്യത ഇല്ലെന്നും ഡോ അരുണ്‍ അറിയിച്ചു. വവ്വാലില്‍ നിന്ന് നേരിട്ട് പകര്‍ന്നവരും അവരില്‍ നിന്ന് പകര്‍ന്നവര്‍ക്കുമാണ് രോഗം പിടിപെട്ടത്. ഇപ്പോള്‍ നിപ്പാ നിയന്ത്ര വിധേയമാണ്.

രോഗം ബാധിച്ചവരെ ഐസോലേഷന്‍ വാര്‍ഡുകളിലാണ് കിടത്തിയത്. അതുകൊണ്ട് തന്നെ ഇവരുമായി ആര്‍ക്കും നേരിട്ട് ബന്ധപെടാന്‍ അവസരമുണ്ടായിരുന്നില്ല.രോഗം മൂര്‍ച്ഛിച്ചാല്‍ മാത്രമേ മറ്റൊരാളിലേക്ക് പകരൂ. എന്നാല്‍ അത്തരം സാഹചര്യം ഇപ്പോള്‍ ഉണ്ടായിട്ടില്ലെന്നും ഡോ അരുണ്‍ വ്യക്തമാക്കി.