Begin typing your search above and press return to search.
ഗോള്‍ഡന്‍ വിസ നല്‍കുന്നത് കേരളത്തില്‍ കിറ്റ് വിതരണം ചെയ്യുന്നത് പോലെ: സന്തോഷ് പണ്ഡിറ്റ്
മലയാളത്തിലെ സിനിമാ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കുന്നതിനെ പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്.ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണമെന്നാണ് നടന്‍ പറയുന്നത്. വിവിധ മേഖലകളില്‍ സംഭാവന നല്‍കിയ ആളുകള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കാറുള്ളത്. മലയാള സിനിമയില്‍ നിന്ന് ആദ്യമായി മോഹന്‍ലാലിനും മമ്മൂട്ടിക്കും ആയിരുന്നു ഗോള്‍ഡന്‍ വിസ ലഭിച്ചത്. ടൊവിനോ തോമസ്, മിഥുന്‍ രമേശ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചു.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍
മക്കളേ..മലയാള സിനിമയിലെ നിരവധി വലിയ താരങ്ങള്‍ക്കു യുഎഇ ഗോള്‍ഡന്‍ വിസ കൊടുത്തു എന്ന് കേട്ടു. അതിനാല്‍ ഒരു ചെറിയ നടനായ എനിക്ക് ഒരുബ്രോണ്‍സ് വിസ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു . (സ്വര്‍ണമില്ലെങ്കിലും വെങ്കലം വെച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്യും . അങ്ങനെ ഗോള്‍ഡന്‍ വിസ തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല . പാവമാണ് ട്ടോ )
പണവും പ്രശസ്തിയും ഉള്ളവര്‍ക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികള്‍ ആയി ഒരു ആയുസ്സ് മുഴുവന്‍ പണിയെടുക്കുന്ന പാവങ്ങള്‍ക്ക് ഇന്നേവരെ ഗോള്‍ഡന്‍ വിസ കിട്ടിയതായി ആര്‍ക്കെങ്കിലും അറിവുണ്ടോ ?
(വാല്‍കഷ്ണം ... ഗോള്‍ഡന്‍ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങള്‍ക്കു കൊടുത്തപ്പോള്‍ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി . എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്കു കൊടുക്കുന്നു . ഇതൊരു മാതിരി കേരളത്തില്‍ 'കിറ്റ്' വിതരണം ചെയ്യുന്നത് പോലെ ആയി . ഏതായാലും നല്ല കാര്യം ആണേ ..)
Next Story