സംസ്ഥാനത്ത് ഇന്ന് ഹർത്താൽ; കെഎസ്ആർടിസി, ഓട്ടോ-ടാക്‌സി സർവീസുകൾ ഇല്ല, പരീക്ഷകൾ മാറ്റിവച്ചു

സംസ്ഥാനത്ത് ഇന്ന് ഹർത്താൽ; കെഎസ്ആർടിസി, ഓട്ടോ-ടാക്‌സി സർവീസുകൾ ഇല്ല, പരീക്ഷകൾ മാറ്റിവച്ചു

September 27, 2021 0 By Editor

തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിന് സംസ്ഥാനത്ത് തുടക്കം. കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും പിന്തുണയോടെയാണ് ഹർത്താൽ പുരോഗമിക്കുന്നത്. ഹർത്താലിന്റെ പശ്ചാത്തലത്തിൽ ഇന്ന് കെഎസ്ആർടിസി സർവീസുകൾ ഇല്ല. സർവകലാശാലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഓട്ടോ-ടാക്‌സി സർവീസുകളും ഉണ്ടാകില്ല. സ്വകാര്യവാഹനങ്ങൾ തടയില്ലെന്ന് സമരാനുകൂലികൾ വ്യക്തമാക്കി.

യാത്രക്കാരുടെ തിരക്ക് ഉണ്ടാകാൻ സാദ്ധ്യത കുറവായതിനാലും ജീവനക്കാരുടെ അഭാവം കണക്കിലെടുത്തുമാണ് കെഎസ്ആർടിസി സർവീസുകൾ നടത്താത്തത്. അവശ്യ സർവീസുകൾ വേണ്ടിവന്നാൽ പോലീസിന്റെ നിർദ്ദേശപ്രകാരം നടത്തുമെന്നും കെഎസ്ആർടിസി അറിയിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അതാത് യൂണിറ്റിന്റെ പരിധിയിൽ വരുന്ന ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പരിമിതമായ ലോക്കൽ സർവീസുകൾ നടത്തും. പോലീസിന്റെ അകമ്പടിയോടെയായിരിക്കും സർവീസുകൾ. ദീർഘദൂര സർവീസുകൾ വൈകിട്ട് ആറിന് ശേഷം ഉണ്ടായിരിക്കുമെന്നും കെഎസ്ആർടിസി വ്യക്തമാക്കി.

കാർഷിക നിയമങ്ങൾക്കെതിരായ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഹർത്താലെന്നാണ് ഇടതുമുന്നണി കൺവീനർ എ.വിജയരാഘവന്റെ വാദം. അതേസമയം താത്പര്യമുള്ളവർക്ക് ജോലി ചെയ്യാനുള്ള സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്.