ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്ത നരേന്ദ്ര മോദിയെ പോലെയല്ല, പ്രധാനമന്ത്രിയാകാന്‍ പ്രാപ്തനാണ് രാഹുല്‍: തേജസ്വി യാദവ്
റാഞ്ചി: ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെയല്ല രാഹുല്‍ ഗാന്ധിയെന്ന് രാഷ്ട്രീയ ജനതാദള്‍ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് പറഞ്ഞു. 'പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഇപ്പോള്‍ പ്രാപ്തനാണ്. രാഷ്ട്രീയ പാര്‍ട്ടികളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലില്‍ വലിയ വ്യത്യാസം വന്നിട്ടുണ്ട്. പണ്ടത്തെ രാഹുലില്‍ നിന്നും അദ്ദേഹം ഒരുപാട് മാറിയിട്ടുണ്ട്. നരേന്ദ്ര മോദിയെ പോലെയല്ല കഠിനമായ ചോദ്യങ്ങള്‍ അഭിമുഖീകരിച്ച് മുന്നോട്ട് വന്ന ആളാണെന്നും തേജസ്വി വ്യാക്തമാക്കി.
ജനങ്ങള്‍ രാഹുല്‍ ഗാന്ധിയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചാല്‍ ആര്‍ക്കും അതിനെ തടുക്കാനാവില്ല. സോണിയാ ഗാന്ധിയ്ക്ക് രാഹുലിനെ മുന്‍കാലങ്ങളില്‍ പ്രധാനമന്ത്രിയാക്കാമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് കൂടുതല്‍ അനുഭവജ്ഞാനം കൈവരിക്കുന്നതിന് വേണ്ടിയാണ് ആ തീരുമാനം അവര്‍ സ്വീകരിക്കാതിരുന്നതെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തേജസ്വി ഇക്കാര്യം സൂചിപ്പിച്ചത്.
ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പണാധിപത്യത്തെ രാഹുല്‍ ആട്ടിയോടിച്ചെന്ന് തേജസ്വി പറഞ്ഞു. രാഹുല്‍ ഗാന്ധി പോകുന്നിടത്തെല്ലാം ബി.ജെ.പി നരേന്ദ്ര മോദിയേയും അമിത് ഷായേയും എത്തിച്ച് പ്രചരണം നടത്തുകയാണ്. എന്തിനാണ് പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയെ ഇത്ര പേടിക്കുന്നതെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.