
അംഗപരിമിതരെ വിവാഹം കഴിച്ചു കബളിപ്പിച്ചു മോഷണം; സഹോദരിമാര്‍ക്ക് തടവ്
December 5, 2021കൊച്ചി: സമ്പന്നരായ അംഗപരിമിതരെ വിവാഹം കഴിച്ചു കബളിപ്പിച്ചു പണവും ആഭരണവും കവരുന്ന കേസില്‍ ഇന്‍ഡോര്‍ സ്വദേശികളായ സഹോദരിമാര്‍ക്കു 3 വര്‍ഷം കഠിന തടവും 9.5 ലക്ഷം രൂപ പിഴയും മജിസ്‌ട്രേട്ട് കോടതി വിധിച്ചു. ഒന്നും രണ്ടും പ്രതികളായ മേഘ ഭാര്‍ഗവ (30) സഹോദരി പ്രചി ശര്‍മ്മ ഭാര്‍ഗവ (32) എന്നിവര്‍ക്കാണു ശിക്ഷ വിധിച്ചത്. ഇവര്‍ തട്ടിയെടുത്ത പണം പരാതിക്കാരനു തിരികെ നല്‍കാനും കോടതി വിധിച്ചു. മലയാളികളായ 4 പേര്‍ ഉള്‍പ്പെടെ 11 പേര്‍ ഇവരുടെ തട്ടിപ്പിന് ഇരകളായിട്ടുണ്ട്. മൂന്നും നാലും പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.
വൈറ്റിലയില്‍ മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ഇതരസംസ്ഥാനക്കാരനായ സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള വ്യക്തി സമര്‍പ്പിച്ച പരാതിയിലാണു കടവന്ത്ര പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. സംഭവത്തെ തുടര്‍ന്നു ഹൃദയാഘാതം വന്ന് ഇരയുടെ പിതാവ് മരിച്ചതു കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചു. നേരത്തേ വിവാഹിതയാണെന്ന വിവരം മറച്ചു വച്ചാണു മേഘ പരാതിക്കാരന്‍ അടക്കമുള്ള എല്ലാവരെയും കബളിപ്പിച്ചത്. അംഗ പരിമിതിയുള്ളവരെയാണ് ഇവര്‍ തട്ടിപ്പിനു തിര!ഞ്ഞെടുത്തിരുന്നത്.വിവാഹം കഴിഞ്ഞു രണ്ടോ മൂന്നോ ദിവസം ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ചതിനു ശേഷം അവിടെയുള്ള പണവും ആഭരണങ്ങളും മോഷ്ടിച്ചു കടന്നുകളയുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
2015 സെപ്റ്റംബറിലാണു വൈറ്റില സ്വദേശിയെ മേഘ വിവാഹം ചെയ്തത്. വിവാഹാലോചന നടത്തിയതു മേഘയുടെ വീട്ടുകാരാണ്. നഗരത്തിലെ ഒരു ക്ഷേത്രത്തില്‍ വിവാഹം നടന്നു. 2 ദിവസം പിന്നിട്ടപ്പോള്‍ സ്വര്‍ണാഭരണങ്ങളും വാച്ചും വജ്രാഭരണവും വസ്ത്രങ്ങളും അഞ്ചര ലക്ഷം രൂപയുമടക്കം 9.50 ലക്ഷം രൂപയുടെ മുതലുമായി മേഘ ഇന്‍ഡോറിലേക്കു മുങ്ങി. മേഘയെ തിരികെ കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണു പരാതിയുമായി പൊലീസിനെ സമീപിച്ചത്.
ഉയര്‍ന്ന സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ അംഗപരിമിതിയുള്ള യുവാക്കളെയാണു പ്രതികള്‍ തട്ടിപ്പിനു വേണ്ടി ലക്ഷ്യമിട്ടിരുന്നത്. നാണക്കേടു ഭയന്നു പലരും പരാതി നല്‍കാതിരുന്നതു കൂടുതല്‍ തട്ടിപ്പിന് ഇവര്‍ക്കു പ്രേരണയായി.
കേസന്വേഷിച്ച സിറ്റി പൊലീസ് മേഘ, പ്രചി, വിവാഹത്തിന് ഇടനിലക്കാരായ മഹേന്ദ്ര ബുണ്ടേല, ദേവേന്ദ്ര ശര്‍മ എന്നിവരെ അറസ്റ്റ് ചെയ്തു. കടവന്ത്ര എസ്‌ഐ ടി.ഷാജി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണു മജിസ്‌ട്രേട്ട് എല്‍ദോസ് മാത്യൂസിന്റെ വിധി. പ്രോസിക്യൂഷനു വേണ്ടി അസി.പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ലെനിന്‍ പി. സുകുമാരന്‍, എസ്. സൈജു എന്നിവര്‍ ഹാജരായി.