കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലം; ഭിന്നതയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല; കേരള ഗവർണർ

കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലം; ഭിന്നതയുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല; കേരള ഗവർണർ

December 12, 2021 0 By Editor

തിരുവനന്തപുരം : കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ ഒപ്പുവെച്ചത് സമ്മർദ്ദം മൂലമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസിലർ സ്ഥാനം മുഖ്യമന്ത്രിയ്‌ക്ക് നൽകുന്നതിനുള്ള ഓർഡിനൻസ് കൊണ്ടുവന്നാൽ തീർച്ചയായും ഒപ്പിടുമെന്നും അദ്ദേഹം പറഞ്ഞു. സർവ്വകലാശാലകളിലെ രാഷ്‌ട്രീയ – ബന്ധു നിയമനങ്ങൾക്കെതിരെ നടത്തിയ വിമർശനത്തോട് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ.

ഓർഡിനൻസിൽ ഒപ്പിടാമെന്ന തീരുമാനം ഇപ്പോഴും ആവർത്തിക്കുന്നു. തുടർന്ന് സർക്കാരിന് ഇഷ്ടമുള്ളത് ചെയ്യാം. സർക്കാരുമായി ഒരു ഏറ്റുമുട്ടലിന് ഇല്ല. മുഖ്യമന്ത്രിയോട് മാദ്ധ്യമങ്ങളിലൂടെ ഒന്നും പറയാനില്ല. ചട്ടം ലംഘിച്ചുള്ള നിയമനങ്ങൾ അരുതെന്ന് നിരവധി തവണ ആവർത്തിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.

ഭിന്നതയുണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് ചാൻസിലർ പദവി ഒഴിയാമെന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പരാമർശങ്ങളോട് പ്രതികരിക്കുന്നില്ല. മാദ്ധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയുമായോ, സർക്കാരുമായോ സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല. മാദ്ധ്യമങ്ങൾ പ്രതികരണം ആരാഞ്ഞതുകൊണ്ടാണ് സംസാരിക്കാൻ തയ്യാറായത്. മുഖ്യമന്ത്രിയ്‌ക്ക് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയാൻ അവകാശമുണ്ടെന്നും ഗവർണർ വ്യക്തമാക്കി.