ബജറ്റില്‍ പ്രഖ്യാപനം: 400 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ
ദില്ലി: അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ ഇറക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. സ്വകാര്യ ട്രെയിനുകളോടിക്കാനുള്ള ശ്രമങ്ങൾക്കു തിരിച്ചടി നേരിട്ടതോടെ തദ്ദേശീയമായി വികസിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകളുടെ ഉൽപാദനം കൂട്ടാനുള്ള റെയിൽവേ മന്ത്രാലയത്തിന്റെ തീരുമാനത്തിനാണു ബജറ്റ് പച്ചക്കൊടി വീശിയിരിക്കുന്നത്.
മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 പി എം ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കുമെന്നും മെട്രോ നിര്‍മാണത്തിനായി നൂതനമാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചു. ഇത് 30 ലക്ഷം തൊഴിലവസരം സൃഷ്ടിക്കും. 2000 കിലോമീറ്റർ റെയിൽ ശൃംഖല വർധിപ്പിക്കുമെന്നും 25000 കിലോമീറ്റർ ദേശീയപാത വികസിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
ഇഎംയു ട്രെയിൻ സെറ്റുകളായ വന്ദേ ഭാരത് ട്രെയിനുകൾ രാജ്യത്തെ വേഗം കൂടിയ ട്രെയിനുകളാണ്. നിലവിൽ 2 ട്രെയിനുകളാണു സർവീസ് നടത്തുന്നത്. ഡൽഹിയിൽ നിന്നു വാരണാസിയിലേക്കും കത്രയിലേക്കും. ആസാദി കി അമൃത് മഹോൽസവിന്റെ ഭാഗമായി 75 ആഴ്ചകൾ കൊണ്ടു 75 വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന്റെ തുടർച്ചയാണു 400 ട്രെയിനുകൾ എന്ന പുതിയ ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുന്നത്.