ചെറുകിട വ്യാപാരികള്‍ക്ക് ഷോപ്പ് ലോക്കല്‍ ഡീലര്‍ കെയര്‍ ക്ഷേമ പദ്ധതിയുമായി വികെസി ഗ്രൂപ്പ്
കോഴിക്കോട്: ചെറുകിട വ്യാപാരികളെ ശാക്തീകരിച്ച് പ്രാദേശിക സമ്പദ്ഘടനയ്ക്ക് ഉത്തേജനം നല്‍കുന്ന ഷോപ്പ് ലോക്കല്‍ പ്രചാരണത്തിന്റെ ഭാഗമായി വികെസി ഗ്രൂപ്പ് ഷോപ്പ് ലോക്കല്‍ ഡീലര്‍ കെയര്‍ എന്ന പേരില്‍ വിപുലമായ വ്യാപാരി ക്ഷേമ പദ്ധതിക്ക് തുടക്കിമിട്ടു. വ്യാപാരികള്‍ക്കും അവര്‍ക്കു കീഴിലുള്ള ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതി പൊതുമരാമത്ത്, ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഉല്‍ഘാടനം ചെയ്തു. ചടങ്ങില്‍ റീട്ടെയിലര്‍മാരായ മുജീബ് റഹ്‌മാന്‍, വി എ ഫൈസല്‍, സിദ്ദീഖ് എന്നിവര്‍ക്ക് ഈ പദ്ധതി പ്രകാരമുള്ള ഇന്‍ഷൂറന്‍സ് പോളിസി മന്ത്രി കൈമാറി. വില്‍പ്പനയ്ക്ക് ആനുപാതികമായി വ്യാപാരിക്കും സെയില്‍സ്മാനും - ഒരു കടയിലെ നാലുപേര്‍ക്കു വരെ ഏപ്രില്‍ ഒന്നു മുതല്‍ രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കും. എല്ലാവിധ അപകടങ്ങള്‍ക്ക് 40,000 രൂപ വരെ ആശുപത്രി ചികിത്സാ ധനസഹായം ലഭിക്കും.
'ചെറുകിട കച്ചവക്കാര്‍, മൊത്തവ്യാപാരികള്‍, ഡീലര്‍മാര്‍, ഉപഭോക്താക്കള്‍ എന്നിവരടങ്ങുന്ന ഒരു വലിയ കുടുംബമാണ് വികെസി. പുതുതായി അവതരിപ്പിച്ച പദ്ധതിയിലൂടെ ഇവരില്‍ ഓരോരുത്തരുടേയും ക്ഷേമം ഉറപ്പാക്കും. ഏകദേശം 15000 ഡീലര്‍മാര്‍ക്കു ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുകയാണ് ലക്ഷ്യം'- വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വി.കെ.സി. റസാക്ക് പറഞ്ഞു.
വ്യാപാരികള്‍ക്ക് പുറമെ അവരുടെ കുടുംബാംഗങ്ങള്‍ക്കും സഹായം ഉറപ്പാക്കുന്ന ഒരു കോടി രൂപയുടെ (പരമാവധി) പ്രത്യേക ബെനവലന്റ് ഫണ്ടാണ് ഡീലര്‍ കെയര്‍ സ്‌കീമില്‍ വികെസി ഗ്രൂപ്പ് നടപ്പിലാക്കുന്ന മറ്റൊരു പദ്ധതി. ഈ ധനസഹായ നിധിയിലേക്ക് ആദ്യ ഘട്ടമായി 50 ലക്ഷം രൂപ ഏപ്രില്‍ ഒന്നിന് കമ്പനി നിക്ഷേപിക്കും.
കേരളത്തിലെ വ്യാപാരികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി 25000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ചികിത്സാ ധനസഹായമായി ഈ ഫണ്ടില്‍ നിന്നും ധനസഹായം ലഭ്യമാക്കും. ഓരോ വര്‍ഷവും വികെസി ഗ്രൂപ്പ് ഈ ഫണ്ടിലേക്കായി ഒരു കോടി രൂപ വീതം നീക്കിവെക്കും. ഒരോ വര്‍ഷവും ബാക്കി വരുന്ന തുക അടുത്ത വര്‍ഷത്തില്‍ കൂടുതല്‍ ധനസഹായ വിതരണത്തിന് ഉപയോഗപ്പെടുത്തും. ഈ ഫണ്ട് കൈകാര്യം ചെയ്യുന്നതിനും നടത്തിപ്പിനുമായി ഹോള്‍സെയില്‍-റീട്ടെയ്ല്‍ വ്യാപാരികളുടെ പ്രതിനിധികള്‍, സ്വതന്ത്ര അംഗങ്ങള്‍ എന്നിവരടങ്ങുന്ന പ്രത്യേക ഭരണസമിതി രൂപീകരിക്കുമെന്നും വികെസി ഗ്രൂപ്പ് അറിയിച്ചു.