രാഹുലിന് ഉചിതമെന്ന് തോന്നുന്ന ആരെയും രാജ്യസഭാ സ്ഥാനാര്‍ഥിയായി പരിഗണിക്കാം: പിജെ കുര്യന്‍
ന്യൂഡല്‍ഹി: തന്നെ രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന് നിര്‍ബന്ധമില്ലെന്ന് പി.ജെ കുര്യന്‍ എം.പി. കോണ്‍ഗ്രസ് ദേശീയാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയ കത്തിലാണ് കുര്യന്‍ ഇക്കാര്യം അറിയിച്ചത്. രാഹുലിന് ഉചിതമെന്ന് തോന്നുന്ന ആരെയും സ്ഥാനത്തേക്ക് പരിഗണിക്കാമെന്നും ആ തീരുമാനം താന്‍ അംഗീകരിക്കുമെന്നും കുര്യന്‍ കത്തില്‍ വ്യക്തമാക്കുന്നു.
രാജ്യസഭാ സീറ്റിലേക്ക് ചില നേതാക്കളുടെ പേരും കത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്. എം.എം. ഹസന്‍, വി.എം സുധീരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാനിമോള്‍ ഉസ്മാന്‍, പി.സി ചാക്കോ, പി.സി വിഷ്ണുനാഥ് എന്നിവരെ സ്ഥാനത്തേക്ക് പരിഗണിക്കാവുന്നതാണെന്നും കുര്യന്‍ പറയുന്നു. കേരള കോണ്‍ഗ്രസ് എമ്മിന് രാജ്യസഭാ സീറ്റ് നല്‍കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഈ സീറ്റ് അവര്‍ക്ക് നല്‍കരുതെന്നും കുര്യന്‍ കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം, രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കില്ലെന്ന് ഹൈകമാന്‍ഡ് തീരുമാനമെടുത്തിട്ടുണ്ട്. അടുത്ത തവണ സീറ്റ് നല്‍കാമെന്ന് മാണിക്ക് ഉറപ്പ് നല്‍കുമെന്നാണ് വിവരം.