സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി. സുധാകരൻ; ഒഴിവാക്കാനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി. സുധാകരൻ. സംസ്ഥാന സമിതിയിൽ തുടരാൻ ആഗ്രഹമില്ലെന്ന് അറിയിച്ച് പാർട്ടി സെക്രട്ടറിയ്‌ക്കും മുഖ്യമന്ത്രിയ്‌ക്കും സുധാകരൻ കത്ത് നൽകി. എന്നാൽ സുധാകരനെ ഒഴിവാക്കാനാവില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ നിലപാടറിയിച്ചു.
അമ്പലപ്പുഴയിലെ ഇടത് സ്ഥാനാർത്ഥിയായിരുന്ന എച്ച് സലാമിന്റെ വിജയം ഉറപ്പിക്കുന്ന വിധത്തിൽ പ്രചാരണം നടത്തുന്നതിൽ വീഴ്‌ച്ച വന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അടക്കം സുധാകരനെ പരസ്യമായി ശാസിച്ചിരുന്നു. കൂടാതെ, രണ്ട് തവണ അദ്ദേഹം അച്ചടക്ക നടപടിയും നേരിട്ടു. ഇതെല്ലാം കണക്കിലെടുത്താണ് സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യം ഉന്നയിച്ചത്.
സ്ഥാനാർത്ഥിത്വം കിട്ടാതായപ്പോൾ ആത്മാർത്ഥമായി പ്രവർത്തിച്ചില്ലെന്നായിരുന്നു സുധാകരന് നേരെ ഉയർന്ന വിമർശനം. തുടർന്നാണ് സുധാകരനെ പരസ്യമായി ശാസിച്ചത്. ആലപ്പുഴ ജില്ലയിലെ വിഭാഗീയ പ്രശന്ങ്ങൾ കണക്കിലെടുത്താണ് സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ കത്ത് നൽകിയത്.
കൂടാതെ, സുധാകരനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് എല്ലാ ഏരിയാ കമ്മിറ്റികളിലും അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സാഹചര്യമുണ്ടായിരുന്നു. സുധാകരനെതിരെ സംഘടിതമായി നീക്കം ആലപ്പുഴ ജില്ലയിൽ ഇപ്പോഴും സജീവമാണ്. ഇതിന്റെ പ്രതിഫലനമായി ഇനി ഒരു സംഘടിത ആക്രമണങ്ങൾക്കും വിധേയനായി നിൽക്കില്ലെന്ന തീരുമാനത്തിന്റെ ഭാഗം കൂടിയാണ് ഈ തീരുമാനം.
അതേസമയം, 75 വയസ് എന്ന പ്രായപരിധി നിബന്ധന കർശനമായി നടപ്പാകുന്നന്നതോടെ സിപിഎമ്മിന്റെ പല മുതിർന്ന നേതാക്കളും ഒഴിയേണ്ടി വരും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരനും വൈക്കം വിശ്വനും 75 വയസ് കഴിഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം.മണി, ആനത്തലവട്ടം ആനന്ദൻ, കെ.ജെ.തോമസ്, കോലിയക്കോട് കൃഷ്ണൻ നായർ, കെ.പി.സഹദേവൻ, പി.പി.വാസുദേവൻ, സി.പി.നാരായണൻ എന്നിവരും ഒഴിവാക്കപ്പെടാൻ സാദ്ധ്യതയുള്ളവരുടെ പട്ടികയിലുണ്ട്.