ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്ത്രീധനം ആവശ്യപ്പെട്ട ഭർത്താവ് അറസ്റ്റിൽ.

ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്ത്രീധനം ആവശ്യപ്പെട്ട ഭർത്താവ് അറസ്റ്റിൽ.

February 28, 2022 0 By Editor

ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി സ്ത്രീധനം ആവശ്യപ്പെട്ട ഭർത്താവ് അറസ്റ്റിൽ. സ്വകാര്യ ബാങ്കിലെ ജീവനക്കാരിയായ ഭാര്യ നൽകിയ പരാതിയിലാണ് 32കാരനായ ഭർത്താവ് പിടിയിലായത്. ഇയാൾ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഉപദ്രവിച്ചതായും പരാതിയിൽ പറയുന്നു. തമിഴ്നാട് കോയമ്പത്തൂരിലാണ് സംഭവം.

കോയമ്പത്തൂർ ഗാന്ധിപുരം സ്വദേശിയായ യുവ എൻജിനീയറെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീധന പീഡന പരാതിയിൽ യുവാവിന്റെ സഹോദരങ്ങൾക്കെതിരേയും മാതാപിതാക്കൾക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. സോഫ്റ്റ് വെയർ എൻജിനീയറായ യുവാവും 27-കാരിയും 2020 ഒക്ടോബറിലാണ് വിവാഹിതരായത്. വിവാഹസമയത്ത് 51 പവൻ സ്വർണവും അഞ്ച് ലക്ഷം രൂപയും യുവതിയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ വിവാഹത്തിന് പിന്നാലെ പലവിധ കാരണങ്ങൾ പറഞ്ഞ് യുവാവ് ഭാര്യയെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങി.

ഭാര്യയ്ക്ക് മുഖക്കുരു ഉണ്ടെന്നും അതിനാൽ ഇനിയുള്ള കാലം ഒരുമിച്ച് ജീവിക്കാനാകില്ലെന്നുമായിരുന്നു യുവാവ് പറഞ്ഞിരുന്നത്. ഇക്കാര്യം യുവതി ഭർതൃമാതാപിതാക്കളോട് പറഞ്ഞപ്പോൾ അവർ കൂടുതൽ സ്ത്രീധനം ആവശ്യപ്പെടുകയായിരുന്നു. സ്ത്രീധനമായി പുതിയ വീട് നൽകണമെന്നായിരുന്നു ഭർത്താവിന്റെയും ഭർതൃമാതാപിതാക്കളുടെയും ആവശ്യം.

ഇതിനുശേഷം സ്ത്രീധനത്തിന്റെ പേരിൽ ഉപദ്രവിച്ചിരുന്നതായും തന്റെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു. നിർബന്ധപൂർവ്വം വിവസ്ത്രയാക്കിയ ശേഷമാണ് യുവാവ് ഭാര്യയുടെ നഗ്നചിത്രങ്ങൾ പകർത്തിയത്. പിന്നീട് ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. മാത്രമല്ല, ഭർത്താവും ഇയാളുടെ കുടുംബാംഗങ്ങളും ശാരീരികമായി ഉപദ്രവിച്ചെന്നും യുവതിയുടെ പരാതിയിലുണ്ട്.

ഉപദ്രവത്തെ തുടർന്ന് യുവതി ശനിയാഴ്ച കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇതിനുപിന്നാലെയാണ് സെൻട്രൽ ഓൾ വുമൻ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ ഭർത്താവിനെതിരേയും ഇയാളുടെ മാതാപിതാക്കൾ, ഇളയ സഹോദരൻ, സഹോദരി എന്നിവർക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.