താമരശേരിയിൽ വ്യാപാരിയെ കടയിൽ കയറി വെട്ടി, കൈപ്പത്തി പിളർന്നു; പൂച്ച ഫിറോസും കണ്ണൻ ഫസലും അറസ്റ്റിൽ

താമരശേരി കുടുക്കിലുമ്മാരത്ത് വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശേരി ചുടലമുക്ക് നട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന…

താമരശേരി കുടുക്കിലുമ്മാരത്ത് വ്യാപാരിയെ കടയിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. താമരശേരി ചുടലമുക്ക് നട്ടൂർ വീട്ടിൽ പൂച്ച ഫിറോസ് എന്ന ഫിറോസ് ഖാൻ (34), കുടുക്കിലുമ്മാരം ആലപ്പടിമ്മൽ കണ്ണൻ ഫസൽ എന്ന ഫസൽ (29) എന്നിവരെയാണ് താമരശേരി ഡിവൈഎസ്പി എം.പി. വിനോദ് അറസ്റ്റ് ചെയ്തത്.

ഈ മാസം 18നാണ് സംഭവം നടന്നത്. സംഭവത്തിനു ശേഷം കർണാടകയിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ നാട്ടിലേക്ക് പണം സംഘടിപ്പിക്കാനായി വരുന്നതിനിടെയാണ് മുക്കം കളൻതോടു വച്ച് പിടിയിലായത്. ഈ മാസം പതിനെട്ടിന് ഉച്ചയ്ക്ക് ഇതേ കേസിൽ പിടിയിലാവാനുള്ള ചുരുട്ട അയ്യൂബിന്റെ ബന്ധുവിന്റെ വിവാഹവീട്ടിൽ വച്ച് പ്രതികൾ നാട്ടുകാരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു.

കൂടാതെ കഴിഞ്ഞ വർഷം കൂരിമുണ്ട എന്ന സ്ഥലത്തുവച്ച് ഇതേ സംഘം നാട്ടുകാരെ ആക്രമിക്കുകയും വിവരമറിഞ്ഞെത്തിയ പൊലീസിന്റെ ജീപ്പ് തകർക്കുകയും ചെയ്തിരുന്നു. അന്ന് സംഭവം അറിഞ്ഞു വന്ന വാടിക്കൽ ഇർഷാദ് എന്നയാളെയും അക്രമികൾ വെട്ടി പരുക്കേൽപ്പിച്ചു. കഴിഞ്ഞയാഴ്ച വിവാഹ വീട്ടിൽവച്ച് നാട്ടുകാരുമായി വാക്കു തർക്കമുണ്ടാക്കിയ പ്രതികൾ വൈകിട്ട് ഏഴു മണിയോടെ ഇറച്ചി വെട്ടുന്ന കത്തിയുമായെത്തി നവാസിനെ കടയിൽ കയറി വെട്ടുകയായിരുന്നു. കഴുത്തിനു വെട്ടിയത് നവാസ് തടഞ്ഞപ്പോൾ കൈപ്പത്തി പിളർന്നു. പിന്നെയും വെട്ടാനോങ്ങിയപ്പോൾ നവാസ് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടർന്ന് നാട്ടുകാരനായ മാജിദിനെ വെട്ടാനായിവീട്ടിലെത്തിയ സംഘത്തെ കണ്ട് മാജിദ് മുറിയിൽ കയറി വാതിൽ അടച്ചെങ്കിലും പ്രതികൾ വാതിൽ വെട്ടിപ്പൊളിച്ചു. അപ്പോഴേക്കും ഓടിയെത്തിയ നാട്ടുകാരെ കണ്ട് പിൻവാങ്ങിയ പ്രതികൾ നാട്ടുകാരായ ജവാദ്, അബ്ദുൽ ജലീൽ എന്നിവരുടെ വീടുകളിലും അക്രമം നടത്തിയ ശേഷം സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിൽ പെട്ടവരാണ് പ്രതികളെല്ലാം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story