
നിങ്ങളുടെ വാട്‌സ്ആപ്പ് ബ്ലോക്കായോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
April 4, 2025സൂക്ഷിച്ച് ഉപയോഗിക്കാത്ത വാട്സാപ്പ് അക്കൗണ്ടുകള്‍ റദ്ദാക്കുകയും ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്യാറുണ്ട് കമ്പനി. ഫെബ്രുവരിയില്‍ മാത്രം ഇന്ത്യയില്‍ ഏകദേശം 9.7 ദശലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സ്ആപ്പ് അറിയിച്ചിരുന്നു.
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന് പലവിധമായ കാരണങ്ങള്‍ ഉണ്ടാകാം. നിരോധിക്കപ്പെട്ട അക്കൗണ്ടുകളില്‍ 1.4 ദശലക്ഷം അക്കൗണ്ടുകള്‍ മറ്റ് ഉപയോക്താക്കളുടെ പരാതി കൂടതെ തന്നെ റദ്ദാക്കപ്പെട്ടവയാണ്. സുരക്ഷാ ലംഘനങ്ങളും പ്ലാറ്റ്‌ഫോം നിയമങ്ങള്‍ അനുസരിക്കാത്തതിനാലുമാണ് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നത്. സ്പാം, വ്യാജ സന്ദേശങ്ങള്‍, സംശയാസ്പദമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ തടയുന്നതിന് വാട്സ്ആപ്പ് നിയമങ്ങള്‍ കര്‍ശനമാക്കുകയാണെന്നാണ് വാട്‌സ്ആപ്പ് അറിയിച്ചിരുന്നു.
സുരക്ഷിതവും സുഗമവുമായ ഉപയോക്തൃ അനുഭവം ഉറപ്പാക്കാന്‍, വാട്‌സ്ആപ്പ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, നൂതന സുരക്ഷാ നടപടികള്‍, അത്യാധുനിക സാങ്കേതികവിദ്യ എന്നിവ ഉപയോഗിക്കുന്നു. ഇത് ഉപയോക്താക്കളെ തട്ടിപ്പുകളില്‍നിന്ന് സംരക്ഷിക്കുന്നതിനും പ്ലാറ്റ്ഫോമിന്റെ നിയമങ്ങള്‍ ലംഘിക്കുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും സഹായിക്കുന്നു.
വാട്സ്ആപ്പില്‍ സ്പാം സന്ദേശങ്ങള്‍ അയച്ചാല്‍ നിങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തേക്കാം. സന്ദേശങ്ങളോ സോഷ്യല്‍ മീഡിയ പോസ്റ്റുകളോ അനാവശ്യമായി ഫോര്‍വേഡ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. വിദ്വേഷ പ്രസംഗങ്ങളോ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന ഉള്ളടക്കങ്ങള്‍ പങ്കിടരുത്. കൂടാതെ, അഡള്‍ട്ട്‌സ് ഒണ്‍ലി കണ്ടന്റുകളും പോസ്റ്റ് ചെയ്യരുത്.