
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിച്ചു; കേരളത്തിൽ അഞ്ച് ദിവസം മഴക്ക് സാധ്യത
April 8, 2025കോഴിക്കോട്: തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി മാറിയതായി കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു. അടുത്ത 24 മണിക്കൂർ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തുടർന്നുള്ള 24 മണിക്കൂറിൽ വടക്ക് -വടക്കു കിഴക്ക് ദിശയിൽ സഞ്ചരിച്ച് ശക്തി കുറയാനാണ് സാധ്യത.
ന്യൂനമർദത്തിന്‍റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, കേരളത്തിൽ പ്രത്യേക മഴമുന്നറിയിപ്പുകളൊന്നും നിലവിൽ നൽകിയിട്ടില്ല.