Viral News: ഭാര്യയെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ യുവാവ് ജയിലില്‍; 2019ല്‍ മുങ്ങിയ യുവതി ഒടുവില്‍ കാമുകനോടൊപ്പം പൊങ്ങി

ഭാര്യയെ കൊലപ്പെടുത്തിയെന്ന ആരോപണത്തില്‍ യുവാവിന് ജയിലില്‍ കഴിയേണ്ടി വന്നത് ഒന്നര വര്‍ഷത്തോളം; 2019ല്‍ മുങ്ങിയ യുവതി ഒടുവില്‍ കാമുകനോടൊപ്പം പൊങ്ങി

April 5, 2025 0 By eveningkerala

ചെയ്യാത്ത കുറ്റത്തിന് യുവാവിന് ജയിലില്‍ കഴിയേണ്ടി വന്നത് ഒന്നര വര്‍ഷത്തോളം. ഭാര്യയെ കൊലപ്പെടുത്തിയെന്ന കേസിലാണ് യുവാവിനെ ജയിലിലിട്ടത്. ഒടുവില്‍ എല്ലാവരെയും പറ്റിച്ച് മുങ്ങിയ യുവതിയെ ഒടുവില്‍ കാമുകനോടൊപ്പം കണ്ടെത്തി. കർണാടകയിലെ കുടക് ജില്ലയിലെ കുശാൽനഗർ താലൂക്കിലെ ബസവനഹള്ളി ഗ്രാമത്തിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം നടന്നത്. സുരേഷ് എന്ന യുവാവിനെയാണ് ഭാര്യയെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് ജയിലിലിട്ടത്. സുരേഷിന്റെ ഭാര്യയായ മല്ലിഗെയെ 2019ലാണ് കാണാതായത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഭാര്യയ്ക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് സുരേഷ് കണ്ടെത്തി. മക്കള്‍ക്ക് വേണ്ടിയെങ്കിലും കൂടെ വരണമെന്ന് അയാള്‍ പറഞ്ഞെങ്കിലും യുവതി തയ്യാറായില്ല. പിന്നീട് യുവതിയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല.

ഒടുവില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുമെന്ന ആശങ്കയില്‍ 2021ല്‍ കുശാല്‍നഗര്‍ പൊലീസില്‍ ഇയാള്‍ ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി. 2022-ൽ, പെരിയപട്ടണ താലൂക്കിലെ ബെട്ടടപുരയ്ക്ക് സമീപം കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ സുരേഷിന്റെ ഭാര്യയുടേതാണെന്ന സംശയത്തില്‍ പൊലീസ് ഇയാളെ വിളിച്ചുവരുത്തി.

ഭാര്യയുടെ അമ്മയോടൊപ്പമാണ് സുരേഷ് മൃതദേഹം കാണാനെത്തിയത്. തുടര്‍ന്ന് മൃതദേഹം ഭാര്യയുടേതാണെന്ന് അവര്‍ ഇയാളോട് പറയുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ അന്ത്യകര്‍മങ്ങളും നടത്തി. ഇതിന് പിന്നാലെ യുവതിയെ സുരേഷ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നു. ഇയാള്‍ കുറ്റം നിഷേധിച്ചെങ്കിലും ഒടുവില്‍ പൊലീസ് അറസ്റ്റു ചെയ്തു.

പിന്നീട് ഫോറന്‍സിക് ഡിഎന്‍എ പരിശോധനയിലാണ് മരിച്ചത് മല്ലിഗെയല്ലെന്നും സുരേഷ് നിരപരാധിയാണെന്നും തെളിഞ്ഞത്. തുടര്‍ന്ന് യുവാവിനെ വിട്ടയച്ചു. അന്ന് കാണാതായ മല്ലിഗെയെ ഈ ഏപ്രില്‍ ഒന്നിനാണ് കണ്ടെത്തുന്നത്. മടിക്കേരിയിലെ ഒരു ഹോട്ടലിൽ കാമുകനോടൊപ്പമാണ് യുവതിയെ കണ്ടെത്തിയത്. പൊലീസ് ഉടൻ തന്നെ സ്ത്രീയെ കസ്റ്റഡിയിലെടുത്ത് മൈസൂരിലെ കോടതിയിൽ ഹാജരാക്കി.