Malappuram Asma Death: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീൻ കസ്റ്റഡിയിൽ

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; ഭർത്താവ് സിറാജുദ്ദീൻ കസ്റ്റഡിയിൽ

April 8, 2025 0 By eveningkerala

മലപ്പുറം: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ.ഭര്‍ത്താവ് സിറാജുദ്ദീനെയാണ് പെരുമ്പാവൂരിലെ ആശുപത്രിയിൽ നിന്ന് മലപ്പുറം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ മലപ്പുറത്തേക്ക് കൊണ്ടുപോയി. സിറാജുദ്ദീനെ പ്രതിയാക്കി കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വീട്ടില്‍ വെച്ച് പ്രസവം നടത്തിയതിന് പിന്നാലെ യുവതി മരിച്ചത്. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശിനിയായ അസ്മ എന്ന യുവതിയാണ് മരിച്ചത്. അഞ്ചാമത്തെ പ്രസവത്തിനിടെയാണ് യുവതി മരിച്ചത്. ചട്ടിപ്പറമ്പിലെ വാടക വീട്ടില്‍ വെച്ചായിരുന്നു പ്രസവം നടന്നത്. ആശുപത്രിയില്‍ വെച്ചുള്ള പ്രസവത്തിന് യുവതിയുടെ ഭര്‍ത്താവ് സിറാജ് എതിരായിരുന്നു.

ഇതിനു പിന്നാലെ യുവതിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അസ്മ മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. പ്രസവിച്ചതിനു ശേഷം പരിചരണം നൽകിയില്ലെന്നും ഇത് നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.

അസ്മയുടെ ആ​ദ്യ രണ്ട് പ്രസവവും ആശുപത്രിയിൽ വച്ചായിരുന്നു. എന്നാൽ ഇതിനു ശേഷം അക്യൂപഞ്ചർ പഠിച്ചതിനാൽ മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്തുകയായിരുന്നു. വേദന കടിച്ചമര്‍ത്തി രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ച അസ്മയ്ക്ക് മൂന്നാമത്തെ പ്രസവം താങ്ങാന്‍ കഴിയുന്നതിനുമപ്പുറമായിരുന്നു. എല്ലാം നോക്കിനിന്നതല്ലാതെ സിറാജുദ്ദിന്‍ ഒന്നും ചെയ്തില്ലെന്നും പറയുന്നു.

ആലപ്പുഴ സ്വദേശിയായ സിറാജുദിനുമായുള്ള വിവാഹത്തിനു ശേഷം വീട്ടിനുള്ളിൽ തന്നെയാണ് അസ്മയുടെ ജീവിതം.അസ്മയെ പുറത്തിറക്കാന്‍ സിറാജുദ്ദിന്‍ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ അയൽവാസികളുമായി യാതൊരു ബന്ധവുമില്ല. ആശപ്രവർത്തകർ അസ്മ ​ഗർഭിണിയാണെന്ന വിവരവും അറിഞ്ഞില്ല. ആശാവര്‍ക്കര്‍ വീട്ടിൽ എത്തി ചോദിച്ചപ്പോൾ അസ്മ​ ​ഗർഭിണിയല്ലെന്ന് കള്ളം പറഞ്ഞെന്നും ആരോഗ്യ മന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിറാജുദ്ദിന് ഒരു യൂട്യൂബ് ചാനലുണ്ട്. ഇതിൽ അന്തവിശ്വാസങ്ങളും കെട്ടുകഥകളും പ്രചരിപ്പിക്കുന്നുവെന്നാണ് ആരോപണം.