ഇഡി റെയ്ഡ്: ചോദ്യം ചെയ്യലിനായി ഗോകുലം ഗോപാലനെ ചെന്നൈയിലെത്തിച്ചു ; ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലെന്ന് ഇഡി

ഇഡി റെയ്ഡ്: ചോദ്യം ചെയ്യലിനായി ഗോകുലം ഗോപാലനെ ചെന്നൈയിലെത്തിച്ചു ; ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലെന്ന് ഇഡി

April 4, 2025 0 By eveningkerala

കോഴിക്കോട്∙ പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലനെ ചോദ്യം ചെയ്യുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ചെന്നൈയിലെ ഓഫിസിലെത്തിച്ചു.

കോടമ്പാക്കത്തെ ഓഫിസിലാണ് അദ്ദേഹം ഉള്ളത്. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്ടെ കോര്‍പറേറ്റ് ഓഫിസില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് എത്രയും വേഗം ഗോകുലം ഗോപാലനോട് ചെന്നൈയിലെത്താൻ ഇ.ഡി. ആവശ്യപ്പെട്ടത്. കോഴിക്കോട്ടുനിന്ന് ഇ.ഡി. ഉദ്യോഗസ്ഥനൊപ്പമാണ് ഗോകുലം ഗോപാലൻ ചെന്നൈയിലെത്തിയത്. കോഴിക്കോട്ട് രാവിലെ പതിനൊന്നരയോടെ ആരംഭിച്ച പരിശോധന മൂന്നു മണിയോടെയാണ്  അവസാനിച്ചത്. അതേസമയം, ചെന്നൈയിലെ ഗോകുലത്തിന്റെ ഓഫിസുകളിൽ നടത്തുന്ന പരിശോധന പത്തുമണിക്കൂർ പിന്നിട്ടും തുടരുകയാണ്.

വിദേശനാണയ വിനിമയച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് നേരത്തേയുണ്ടായിരുന്ന കേസുകളുടെ തുടര്‍നടപടികളുടെ ഭാഗമായാണ് ഇഡി പരിശോധന നടത്തിയതെന്നാണ് വിവരം. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പരിശോധനയുടെ ഭാഗമായി ഗോകുലം ഗോപാലനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ആദ്യം വടകരയിലെ വീട്ടിൽ വച്ച് ചോദ്യം ചെയ്യാനായിരുന്നു നീക്കമെങ്കിലും ഗോകുലം ഗോപാലൻ കോഴിക്കോട് കോർപറേറ്റ് ഓഫിസിലേക്ക് എത്തുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

കുറച്ച് ദിവസം മുൻപ് ഗോകുലം കമ്പനിയിലേക്ക് വലിയൊരു തുക നിക്ഷേപം വന്നു. ആ തുക എവിടെ നിന്നാണ് വന്നത്, ഒരാളിൽ നിന്നാണോ തുക വന്നതെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് ചോദിച്ചതെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് നഗരത്തിലെ ഗോകുലത്തിന്റെ മറ്റു സ്ഥാപനങ്ങളിലും ഒരേ സമയം പരിശോധന നടന്നിരുന്നു.

അതേസമയം ഗോകുലം സ്ഥാപനങ്ങള്‍ മൂന്ന് മാസമായി നിരീക്ഷണത്തിലാണെന്നും കേരളത്തിലും തമിഴ്നാട്ടിലുമായി 1000 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് സംശയമെന്നും ഇഡി പറഞ്ഞു. അനധികൃതമായി വിദേശത്ത് സ്വത്ത് സമ്പാദിച്ചുവെന്നും സമീപകാല വിവാദങ്ങളുമായി പരിശോധനക്ക് ബന്ധമില്ലയെന്നും ഇഡി വ്യക്തമാക്കി.